സിനിമയ്ക്ക് ആളില്ല, അഭിമുഖം മാത്രമേ ഹിറ്റാവുന്നുള്ളൂ, ഒരു കാര്യോമില്ല: ധ്യാൻ ശ്രീനിവാസൻ
അച്ഛൻ ഹോസ്പിറ്റലിൽ നിന്നും വരുന്നുണ്ട്. അതുകഴിഞ്ഞാൽ ഇന്റർവ്യൂ എല്ലാം കഴിഞ്ഞെന്നും റിയൽ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റർവ്യൂവിൽ പറയുന്നതെന്നും ധ്യാൻ
തന്റെ അഭിമുഖ പരിപാടികളെല്ലാം ഹിറ്റാവുന്നത് പോലെ സിനമ ഹിറ്റാവുന്നില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. അഭിമുഖം കാണുന്ന അത്രയും കാഴ്ചക്കാർ സിനിമകൾക്ക വരുന്നില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ മാത്യുവിന്റെ കാര്യം അങ്ങനല്ലെന്നും സാന്നിധ്യമുണ്ടെങ്കിൽ തന്നെ പടം ഹിറ്റാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ക്ലബ് എഫ്.എമ്മിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.
അഭിമുഖത്തിൽ ധ്യാനിനൊപ്പം മാത്യു തോമസും ഉണ്ടായിരുന്നു. ''എന്റെ ഇന്റർവ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ. ഇവന്റെ(മാത്യു തോമസ്) ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ഇന്റർവ്യൂ കാണുന്ന രണ്ടരലക്ഷം ആൾക്കാർ ഗുണം നൂറ് കൂട്ടിയാൽ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആൾക്കാരൊന്നും തിയേറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങൾക്കൊന്നും ഇത്രയും കളക്ഷൻ പോലും വന്നിട്ടില്ല. ആൾക്കാർ ഇന്റർവ്യൂ മാത്രമേ കാണുന്നുള്ളൂ, ഒരു കാര്യോമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റർവ്യൂ മാത്രം കൊടുത്താൽ മതിയോ എന്ന് ആലോചിക്കുകയാണ്''- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ഇന്റർവ്യൂവിൽ പറയുന്നതൊക്കെ ചെറുതാണ്. ഇന്റർവ്യൂവിൽ ഇതൊക്കെയല്ലേ പറയാൻ പറ്റൂ. അങ്ങനെ നോക്കുവാണെങ്കിൽ പണ്ട് മുതലേ തഗ്ഗാണ്. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുമ്പേ തഗ്ഗാ. ഇതോടെ ഇന്റർവ്യൂ നിന്നു. അച്ഛൻ ഹോസ്പിറ്റലിൽ നിന്നും വരുന്നുണ്ട്. അതുകഴിഞ്ഞാൽ ഇന്റർവ്യൂ എല്ലാം കഴിഞ്ഞെന്നും റിയൽ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റർവ്യൂവിൽ പറയുന്നതെന്നും ധ്യാൻ വിശദമാക്കി. ''ഞാൻ ഇവനോട് (മാത്യു തോമസ്) പല തവണ ചോദിച്ചുനോക്കി, എങ്ങനെയാ സിനിമ ഹിറ്റാവുന്നതെന്ന്. പറഞ്ഞുതരുന്നില്ല''- ധ്യാൻ പറഞ്ഞു.
'പ്രകാശൻ പറക്കട്ടെ'യെന്ന ചിത്രമാണ് ധ്യാനിന്റേതായി പുറത്തുവന്ന പുതിയ ചിത്രം. കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസനാണ് നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.