'ഞങ്ങൾക്ക് 'പുഷ്പ 2'വിന്റെ അപ്ഡേറ്റ് വേണം'; പ്രതിഷേധ സമരവുമായി അല്ലു അർജുൻ ഫാൻസ്, കേരളത്തിലും പ്രതിഷേധം
2022 ൽ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഹൈദരാബാദ്: കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു അല്ലു അർജുൻ നായകനായ പുഷ്പ. സുകുമർ സംവിധാനം ചെയ്ത ചിത്രം പല കളക്ഷൻ റെക്കോർഡുകളും തകർത്തിരുന്നു. 2022 ൽ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അപ്ഡേറ്റുകളൊന്നും പുറത്തുവിട്ടിരുന്നില്ല.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിർമാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ ആരാധകർ. നിർമാതാക്കളിൽ ഒരാളായ ഗീതാ ആർട്സിന്റെ ഓഫീസിന്റെ മുന്നിൽ ധർണ നടത്തിയ അല്ലു ആരാധകർ ഇനിയും അപ്‌ഡേറ്റ് നൽകിയില്ലെങ്കിൽ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധർണ നടത്തേണ്ടി വരുമെന്നാണ് പറയുന്നത്.
കേരളത്തിലും ആരാധകർ പ്രതിഷേധ ധർണ നടത്തിയിരുന്നു. ഗീതാ ആർട്‌സും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ അല്ലുവിനൊപ്പം രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് പുഷ്പ എന്ന ചിത്രം പുറത്തിറങ്ങിയത്. അടുത്തിടെ നടന്ന 67-ാമത് ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ ഒരേസമയം 7 അവാർഡുകളാണ് പുഷ്പ ചിത്രത്തിന് ലഭിച്ചത്.
നേരത്തെ പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫർ നിർമാതാക്കൾ നിരസിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യയാകെയുള്ള വിതരണത്തിനായാണ് പ്രമുഖ കമ്പനി പുഷ്പയുടെ നിർമാണകമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചത്. എന്നാൽ ഈ വമ്പൻ ഓഫറും സിനിമയുടെ നിർമാതാക്കൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 29തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുനും ഫഹദ് ഫാസിലും പുഷ്പയിൽ എത്തിയത്.
മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്താണ് നിർവഹിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.