പൃഥ്വിയുടെ 'കടുവ'യിൽ മമ്മൂക്കയെ ആരൊക്കെ ശ്രദ്ധിച്ചു?
സിനിമ മുഴുവൻ തിയേറ്ററിലും ഒ.ടി.ടിയിലുമായി കണ്ടിട്ടും നിങ്ങൾ മമ്മൂട്ടിയെ കണ്ടിരുന്നോവെന്നാണ് പലരും ചോദിക്കുന്നത്
പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രമാണ് 'കടുവ'. ചിത്രത്തിലൂടെ ഷാജി കൈലാസ് എന്ന സംവിധായകൻ ഗംഭീര തിരിച്ചുവരവ് നടത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു. സിനിമയിലെ കുര്യച്ചന്റെ വീട് ഒട്ടുമിക്കവരും മറ്റുപല ചിത്രങ്ങളിലും കണ്ടിട്ടുണ്ടാകാം. എന്നാൽ ഈ സിനിമയിൽ മമ്മൂട്ടിയുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഏറ്റവും പുതിയ കണ്ടെത്തൽ.
സിനിമ മുഴുവൻ തിയേറ്ററിലും ഒ.ടി.ടിയിലുമായി കണ്ടിട്ടും നിങ്ങൾ മമ്മൂട്ടിയെ കണ്ടിരുന്നോവെന്നാണ് പലരും ചോദിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുണ്ടെന്നതിനുള്ള തെളിവുകളും ഇവർ പങ്കുവെക്കുന്നു. സിനിമ മുഴുവനായി കണ്ടവർ പോലും ഒരുപക്ഷെ ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
കടുവാക്കുന്നേൽ കുര്യൻ കോരത്ത് എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാർത്ഥ പേര്. അങ്ങനെയാണേൽ കടുവക്കുന്നേൽ കോരത്ത് മാപ്പിളയാണ് മമ്മൂട്ടി. നായകന്റെ പിതാവായി ഈ ഛായാചിത്രത്തിൽ കാണുന്നത് മമ്മൂട്ടിയെ തന്നെയാണ്.
അതേസമയം വില്ലന്റെ അച്ഛൻ കരിങ്കണ്ടത്തിൽ ചാണ്ടിക്കുഞ്ഞായി ചിത്രത്തിൽ കണ്ടത് നടൻ എൻ.എഫ്. വർഗീസിനെയുമാണ്.
തിയറ്റർ നിറച്ച് 50 കോടി ക്ലബ്ബിൽ ഇടം നേടിയ പൃഥ്വിരാജ് ചിത്രം 'കടുവ' ആമസോൺ പ്രൈം വീഡിയോയിൽ ഓഗസ്ററ് 4 മുതൽ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിന്റെ തിയറ്റർ വിജയത്തിൽ നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തിയറ്ററുകളിൽ വിജയമാക്കിയതിന് നന്ദി എന്നാണ് പൃഥ്വി കടുവയുടെ ട്രയിലറിനൊപ്പം കുറിച്ചത്. പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം നേടിയിരുന്നു. ആദ്യ നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ 25 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഷാജി കൈലാസിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കാപ്പ' ആണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. അപർണ്ണ ബാലമുരളി ആണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.