യുഎഇയില്‍ ചൂട് കൂടുമെന്ന പ്രചരണം അടിസ്ഥാനരഹിതം
ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
യു.എ.ഇയില്‍ ചൂടിന്റെ കാഠിന്യം 70 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈര്‍പ്പത്തിന്റെ അളവും ഗണ്യമായി വര്‍ധിച്ചത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ കാര്യമായി അലട്ടുന്നുണ്ട്. എന്നാല്‍ ചൂട് അപ്രതീക്ഷിതമാം വിധം ഉയരുമെന്നത് വെറും കിംവദന്തി മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. യു.എ.ഇയിലും മറ്റും ഗള്‍ഫ് രാജ്യങ്ങളിലും വരും ദിവസങ്ങളില്‍ 51 മുതല്‍ 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് വാട്സാപ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ശരാശരി ഉയര്‍ന്ന ചൂട് 44 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഏറ്റവും വലിയ വര്‍ധനയുണ്ടായാല്‍ ഇത് 49 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കടലോര മേഖലകളില്‍ കൂടിയ ശരാശരി ചൂട് 39 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. . മലയോ മേഖലകളില്‍ 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമായിരിക്കും താപനില. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഈ ചൂട് ഏറെക്കുറെ സാധാരണയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പടിഞ്ഞാറന്‍ കടലോര മേഖലയില്‍ 90 മുതല്‍ 95 ശതമാനം വരെയായിരിക്കും ഈര്‍പ്പമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.