ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്ത് തുടങ്ങി
ഹാജിമാര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സമ്മാനമായാണ് ഖുര്‍ആന്‍ കോപ്പികള്‍ നല്‍കുന്നത്
ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്ത് തുടങ്ങിയെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഹാജിമാര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സമ്മാനമായാണ് ഖുര്‍ആന്‍ കോപ്പികള്‍ നല്‍കുന്നത്. 14 ലക്ഷം കോപ്പികളാണ് വിതരണം ചെയ്യുന്നത്. മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്‍റിങ് കോംപ്ലക്സില്‍ നിന്ന് അച്ചടിക്കുന്ന കോപ്പികള്‍ക്കൊപ്പം വിവിധ ലോക ഭാഷയിലുള്ള പരിഭാഷകളും നല്‍കിവരുന്നുണ്ട്. രാജ്യത്ത് നിന്നും തിരിച്ചു പോകുമ്പോള്‍ വിമാനത്താവളങ്ങളില്‍ വെച്ച് ഖുര്‍ആന്‍ കോപ്പികള്‍ ലഭിക്കും.
ഹജ്ജ് കഴിഞ്ഞ് തിരിച്ച്പോകുന്ന മുഴുവന്‍ ഹാജിമാര്‍ക്കും മുസ്ഹഫുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇസ്ലാമിക കാര്യ മന്ത്രിയുടെ ഉപദേഷ്ടാവും രാജാവിന്റെ സമ്മാന വിതരണ കമ്മിറ്റി അധ്യക്ഷനുമായ തലാല്‍ ബിന്‍ അഹ്മദ് അല്‍ഹുഖൈല്‍ പറഞ്ഞു. സാധാരണ കോപ്പികള്‍ക്ക് പുറമെ പ്രായമായവര്‍ക്ക് വലിയ അക്ഷരങ്ങളുള്ള അല്‍ജവാമിഅ് കോപ്പികളും മൊറോക്കന്‍ പ്രവിശ്യകളില്‍നിന്നുള്ള ഹാജിമാര്‍ക്ക് അല്‍വര്‍ഷ് കോപ്പികളും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ഉര്‍ദു, മലയാളം, ഹോസ, ഇംഗ്ളീഷ്, ഫ്രഞ്ച്, തുര്‍ക്കി, തായ്ലാന്‍്റ്, ഇന്തൊനേഷ്യ, ചൈനീസ്, സ്പാനിഷ്, റഷ്യന്‍, ജര്‍മ്മന്‍, അല്‍ബാനിയന്‍ തുടങ്ങിയ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളും വിതരണം ചെയ്തുവരുന്നതായി തലാല്‍ ബിന്‍ അഹ്മദ് അല്‍ഹുഖൈല്‍ പറഞ്ഞു.
ജിദ്ദ, മദീന വിമാനത്താവളങ്ങള്‍, ജിദ്ദ ഇസ്ലാമിക് പോര്‍ട്ട്, കരമാര്‍ഗമുള്ള പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥാപിച്ച 45 ഓളം വരുന്ന വിതരണ കേന്ദ്രങ്ങള്‍ മുഖേനയാണ് ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യുന്നത്. ഇതിനായി 1000 ഓഫീസ് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തിരിച്ചപോകുന്ന മുഴുവന്‍ ഹാജിമാര്‍ക്കും വിതരണം ചെയ്യാവുന്ന വിധം വിതരണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ഇസ്ലാമിക ഗ്രന്ധങ്ങളും സി.ഡി, പ്ളാഷ് ഡിസ്ക് തുടങ്ങിയവയും വിതരണ ചെയ്യുന്നുണ്ട്.