സൗദിയില്‍ രണ്ടിടത്ത് ചാവേര്‍ ആക്രമണ നീക്കം തകര്‍ത്തു

Update: 2017-07-16 07:02 GMT
Editor : Subin
സൗദിയില്‍ രണ്ടിടത്ത് ചാവേര്‍ ആക്രമണ നീക്കം തകര്‍ത്തു
Advertising

പിടിയിലായവരില്‍ ഒരാള്‍ സിറിയക്കാരനാണ്. ദമ്മാമിനടുത്ത് ഖത്തീഫിലും താറൂത്തിലുമാണ് ചൊവ്വാഴ്ച രാത്രിയും ഇന്നലെയുമായി തീവ്രവാദികളുടെ ആക്രമണ നീക്കമുണ്ടായത്

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടിടത്ത് ചാവേര്‍ ആക്രമണ നീക്കം തകര്‍ത്തു. ഒരു ഭീകരനെ വധിക്കുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. പാകിസ്താന്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഭീകരന്‍. പിടിയിലായവരില്‍ ഒരാള്‍ സിറിയക്കാരനാണ്. ദമ്മാമിനടുത്ത് ഖത്തീഫിലും താറൂത്തിലുമാണ് ചൊവ്വാഴ്ച രാത്രിയും ഇന്നലെയുമായി തീവ്രവാദികളുടെ ആക്രമണ നീക്കമുണ്ടായത്. സുരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ രണ്ടിടത്തും വന്‍ ആള്‍നാശം ഒഴിവാക്കി.

ഖത്തീഫിലെ ഉമ്മുല്‍ ഹമാം പ്രദേശത്ത് ചൊവ്വാഴ്ച മഗ്രിബ് നമസ്‌കാര സമയത്താണ് ആദ്യസംഭവമുണ്ടായത്. മുസ്തഫ മസ്ജിദിന് സമീപം സംശയകരമായ നിലയില്‍ കണ്ട യുവാവിനെ പരിശോധിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും അയാള്‍ ചെറുക്കുകയും ഏറ്റുമുട്ടല്‍ ഉണ്ടാകുകയുമായിരുന്നു. സൈനികരുടെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. പള്ളിയില്‍ ചാവേര്‍ ആക്രമണത്തിന് തുനിഞ്ഞ ഇയാളുടെ ബാഗില്‍ നിന്ന് മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി.

പള്ളിക്കുള്ളില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയിലായ സമയത്ത് സുരക്ഷാഉദ്യോഗസ്ഥര്‍ ചാവേറിനെ കൃത്യസമയത്ത് കണ്ടത്തെി തടഞ്ഞില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടായേനെ. ചാവേറായി വന്നയാള്‍ പാകിസ്താന്‍ സ്വദേശിയാണെന്നാണ് സൂചന. പാക് സ്വദേശിയാണെന്ന് സൂചിപ്പിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇയാളുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തു. ഖത്തീഫിനടുത്ത് തന്നെയുള്ള താറൂത്ത് ദ്വീപിലാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. താറൂത്തിലെ തിരക്കേറിയ ഭക്ഷണശാല ലക്ഷ്യമാക്കി നീങ്ങിയ ഐ.എസ് ബന്ധമുള്ള രണ്ടു ചാവേറുകളെയാണ് ഇവിടെ സുരക്ഷാവിഭാഗം കീഴടക്കിയത്.

സംശയാസ്പദ സാഹചര്യത്തില്‍ കണ്ട വാഹനം ചെക്‌പോസ്റ്റില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടുയുവാക്കളും ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ സൈനികരെത്തി ഇവരെ കീഴ്‌പെടുത്തി. വാഹനത്തില്‍ നിന്ന് മാരകപ്രഹരശേഷിയുള്ള ചാവേര്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന ബെല്‍റ്റുകളും മറ്റു സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സൗദി അറേബ്യയില്‍ അശാന്തി വിതക്കാനുള്ള ഐഎസിന്റെ ഗൂഢപദ്ധതിയാണ് തകര്‍ത്തതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് കേണല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News