മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ 17 ന് മുമ്പ് വിരലടയാളം രേഖപ്പെടുത്തണമെന്ന് സൌദി

Update: 2017-08-29 03:35 GMT
Editor : admin
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ 17 ന് മുമ്പ് വിരലടയാളം രേഖപ്പെടുത്തണമെന്ന് സൌദി
Advertising

സൌദിയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ തങ്ങളുടെ വിരലടയാളം രേഖപ്പെടുത്തേണ്ട അവസാന തിയ്യതി ഈമാസം 17 ആണെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫെര്‍മേഷന്.....

Full View

സൌദിയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ തങ്ങളുടെ വിരലടയാളം രേഖപ്പെടുത്തേണ്ട അവസാന തിയ്യതി ഈമാസം 17 ആണെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫെര്‍മേഷന് ടെക്നോളജി കമ്മീഷന്‍ അറിയിച്ചു. ഞായറാഴ്ചക്ക് മുമ്പ് വിരലടയാളം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രീ പെയ്ഡ് സിം കാര്‍ഡിന്റെ സേവനം താത്കാലികമായി നിര്‍ത്തലാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എസ്.ടി.സി, മൊബൈലി, സൈന്‍, ഫ്രണ്ടി തുടങ്ങി സൌദിയുള്ള മുഴുവന്‍ മൊബൈല്‍ കമ്പനികളുടെയും എല്ലാ വരിക്കാരും ഏപ്രില്‍ പതിനേഴിന് മുമ്പ് വിരലടയാളം രേഖപ്പെടുത്തണമെന്ന് സി.ഐ.ടി.സി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചക്കകം വിരലടയാളം രേഖപ്പെടുത്താത്ത ഉപഭോക്താക്കളുടെ സേവനം താത്കാലികമായി റദ്ദ് ചെയ്ത് പതിനഞ്ച് ദിവസത്തെ സാവകാശം നല്‍കും. പതിനഞ്ച് ദിവസത്തിനകം വിരലടയാളം നല്‍കാത്തവര്‍ക്ക് മൊബൈല്‍ നമ്പറും കമ്പനികള‌ുടെ സേവനവും പൂര്‍ണമായി നഷ്ടമാവും. അതേസമയം ഏപ്രില്‍ 17ന് മുമ്പ് വിരലടയാളം നല്‍കണമെന്ന നിര്‍ബന്ധം പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണെന്ന് സി.ഐ.ടി.സി അധികൃതര്‍ ടിറ്ററില്‍ അറിയിച്ചു. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും വിരലടയാളം നിര്‍ബന്ധമാണെങ്കിലും അവസാന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജ മൊബൈല്‍ സിംകാര്‍ഡുകള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് വിരലടയാളം നിര്‍ബന്ധമാക്കിയത്.

സുരക്ഷ കാരണങ്ങളാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നിര്‍ബന്ധമാക്കിയ നിയമം എല്ലാ മൊബൈല്‍ വരിക്കാര്‍ക്കും പടിപടിയായി ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. മെയ് മാസത്തോടെ എല്ലാ വരിക്കാര്‍ക്കും വിരലടയാളം നിര്‍ബന്ധമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ കമ്പനികളുടെ ഓഫീസുകളിലും പ്രത്യേകം ഒരുക്കിയ കിയോസ്കുകള്‍ വഴിയും സൌജന്യമായി വിരലടയാളം രേഖപ്പെടുത്താനുള്ള അവസരമുണ്ട്. അതോടൊപ്പം സ്വകാര്യ മൊബൈല്‍ വില്‍പ്പന കേന്ദ്രങ്ങളും ഇതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് സൌദിയിലെ മുഴുവന്‍ സിം കാര്‍ഡുകളും ഇഖാമ നമ്പറുമായി ബന്ധിപ്പിക്കുന്ന നിയമം നടപ്പാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News