കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ മക്കയിലെത്തി തുടങ്ങി
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു
ഇന്ത്യയില്‍ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ മക്കയിലെത്തി തുടങ്ങി. ഈ മാസം 24ന് മദീനയില്‍ വിമാനമിറങ്ങിയ തീര്‍ഥാടകരാണ് എട്ട് ദിവസത്തിന് ശേഷം മക്കയിലെത്തിയത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. മൂവായിരത്തി മുന്നൂറ് ഹാജിമാരാണ് ഇന്ന് മക്കയിലെത്തിയത്.
എട്ട് ദിവസത്തെ മദീനയിലെ താമസത്തിന് ശേഷമാണ് ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെട്ടത്. വൈകീട്ട് മൂന്നരയോടെ അസീസിയ്യയിലെ നൂറ്റി തൊണ്ണൂറ്റി മൂന്നാം കെട്ടിടത്തിന് മുന്നില്‍ തീര്‍ഥാടകരുമായി ആദ്യ ബസ്സ് എത്തി. കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ്, ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായി മുഹമ്മദ് ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സൌദി ഹജ്ജ് സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് തീര്‍ഥാടകരെ സ്വീകരിച്ചു.
രാവിലെ എട്ട് മണി മുതലാണ് തീര്‍ഥാടകര്‍ മദീനയില്‍ നിന്നും പുറപ്പെട്ട് തുടങ്ങിയത്. വൈകുന്നേരത്തോടെ മുഴുവന്‍ ബസ്സുകളും മക്കയിലേക്ക് തിരിച്ചു. മൂവായിരത്തി മുന്നൂറ് ഹാജിമാരാണ് ബുധനാഴ്ച മക്കയിലെത്തിയത്. നാല്‍പത് മുതല്‍ നാല്‍പത്തി അഞ്ച് വരെ തീര്‍ഥാടകരാണ് ഓരോ ബസ്സിലും യാത്ര ചെയ്യുന്നത്. ഉംറ നിര്‍വഹിക്കാനായി ഇഹ്റാം വേഷത്തിലാണ് ഹാജിമാര്‍ മദീനയില്‍ നിന്നും യാത്രതിരിക്കുന്നത്. ആദ്യമായി മക്കയിലെത്തിയ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.
മക്കയിലെ വിവിധ മലയാളി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഹാജിമാരെ വരവേല്‍ക്കാനെത്തിയിരുന്നു. റൂമില്‍ വിശ്രമിച്ച് ഒരു മണിക്കൂറിന് ശേഷം മസ്ജിദുല്‍ ഹറാമിലെത്തി തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഈമാസം പതിനാറ് വരെ മദീനയില്‍ നിന്നും തീര്‍ഥാടകര്‍ മക്കയിലെത്തും.