യുഎഇ തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമം വ്യാഴാഴ്ച മുതൽ ആരംഭിക്കും
നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമം ലഭിക്കുക
ചൂട് കൂടിയ സാഹചര്യത്തിൽ യുഎഇ തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമം വ്യാഴാഴ്ച മുതൽ ആരംഭിക്കും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമം ലഭിക്കുക. ഇത് സെപ്തംബർ 16 വരെ തുടരും.
തുടർച്ചയായ പതിമൂന്നാം വർഷമാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വകാര്യവത്കരണ മന്ത്രാലയം ഉച്ചവിശ്രമ നിയമം കൊണ്ടുവരുന്നത്. നിയമപ്രകാരം ജോലി സമയം രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായി വിഭജിക്കും. മൊത്തം ജോലിസമയം എട്ട് മണിക്കൂറായിരിക്കും. ഇതിലധികം സമയം ജോലി ചെയ്താൽ അധിക സമയ ജോലിയായി കണക്കാക്കി പ്രേത്യക ആനുകൂല്യം ലഭിക്കും. സാധാരണ ജോലിസമയത്തിനുള്ള കൂലിക്കൊപ്പം 25 ശതമാനമാണ് അധികമായി ലഭിക്കുക. രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ് അധിക സമയ ജോലി ചെയ്യുന്നതെങ്കിൽ 50 ശതമാനം കൂലിയാണ് കൂടുതൽ കിട്ടുക.
കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ വിപുലമായ തോതിലുള്ള പരിശോധക സംഘങ്ങൾക്കും യു.എ.ഇ രൂപം നൽകി. അബൂദബിയിൽ മൂന്നും ദുബൈയിൽ നാലും അൽഐൻ, ഷാർജ, അജ്മാൻ, റാസൽഖൈമ,ഫുജൈറ എന്നിവിടങ്ങളിൽ രണ്ട് വീതവും ഉമ്മുൽ ഖുവൈനിൽ ഒരു സംഘത്തെയുമാണ് ഇതിനായി നിയോഗിച്ചത്. സ്മാർട്ട് സംവിധാനം ഉപയോഗിച്ചായിരിക്കും സംഘത്തിന്റെ പരിശോധന. യുഎഇയിൽ മൊത്തം 60,000 പരിശോധനകൾ നടത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്കിടയിൽ വിപുലമായ ബോധവത്കരണ പരിപാടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.