പുതിയ മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ നടത്തി
ഒമാൻ എയറിന്റെ ഡബ്ല്യു.വൈ 2001 വിമാനം ശനിയാഴ്ച രാവിലെ 11.15നാണ് വിമാനത്താവളത്തിൽനിന്ന് ഉയർന്നത്
പുതിയ മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ആദ്യ യാത്രാവിമാനം പരീക്ഷണ പറക്കൽ നടത്തി. ഒമാൻ എയറിന്റെ ഡബ്ല്യു.വൈ 2001 വിമാനം ശനിയാഴ്ച രാവിലെ 11.15നാണ് വിമാനത്താവളത്തിൽനിന്ന് ഉയർന്നത്. പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്.
ഒമാൻ വ്യോമയാന പൊതു അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സആബിയാണ് ഉദ്ഘാടനം ചെയ്തത്. പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയിലെ പ്രധാനപ്പെട്ട ഘട്ടമായിരുന്നു പരീക്ഷണപ്പറക്കലെന്നും വിമാനത്താവളത്തിന്റെ എല്ലാ പ്രവർത്തനങ്ങളും യാത്രക്കാർക്കുള്ള സേവനങ്ങളും മികച്ചതാക്കാൻ ഇത് സഹായകമാകുമെന്നും ഒമാൻ ഗതാഗത വാർത്താവിതരണ മന്ത്രാലയം പ്രസതാവനയിൽ അറിയിച്ചു. വരും ദിനങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ സംഘടിപ്പിക്കും. നിരവധി വിമാനങ്ങൾ ഉപയോഗിച്ച് പരീക്ഷണപ്പറക്കൽ നടത്തും. ഓട്ടോമാറ്റിക് ഗൈഡൻസ് സംവിധാനം, ഇന്ധനപമ്പുകൾ, കൂളിങ് എയർകണ്ടീഷനിങ് സംവിധാനങ്ങൾ എന്നിവയുടെയെല്ലാം കാര്യക്ഷമത പരീക്ഷണങ്ങളിലൂടെ വിലയിരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പത്തിലധികം സംവിധാനങ്ങളിലായി ഇതുവരെ 22 പരീക്ഷണങ്ങൾ വിമാനത്താവളത്തിൽ നടത്തിയിട്ടുണ്ട്. ഈ പരീക്ഷണങ്ങളിൽ ഏകദേശം 1300 സന്നദ്ധ പ്രവർത്തകർ, 6500 വിമാനത്താവള ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. റോയൽ ഒമാൻ പൊലീസ്, ഒമാൻ എയർ, ഒമാൻ ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനി എനിനവയുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിൽ നിന്നുള്ള കൺസൾട്ടന്റുമാരുമായി ഏകോപനം നടത്തിയാണ് പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നത്.