ജി.സി.സി അമേരിക്ക സംയുക്ത ഉച്ചകോടി ഇന്ന്

Update: 2018-05-11 04:18 GMT
Editor : admin
ജി.സി.സി അമേരിക്ക സംയുക്ത ഉച്ചകോടി ഇന്ന്
Advertising

മേഖലയിലെ രാഷ്ട്രങ്ങളില്‍ ഇറാന്റെ ഇടപെടല്‍ ഇല്ലാതാക്കലും ഇറാഖില്‍ സുസ്ഥിര ഭരണവും കൊണ്ടുവരലുമാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട...

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ജി.സി.സി അമേരിക്ക സംയുക്ത ഉച്ചകോടി ഇന്ന് റിയാദില്‍ ചേരും. ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ ശക്തികള്‍ക്കെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ഉച്ചകോടിയില്‍ തീരുമാനമുണ്ടാകും. മേഖലയിലെ രാഷ്ട്രങ്ങളില്‍ ഇറാന്റെ ഇടപെടല്‍ ഇല്ലാതാക്കലും ഇറാഖില്‍ സുസ്ഥിര ഭരണവും കൊണ്ടുവരലുമാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.

കഴിഞ്ഞ മേയില്‍ അമേരിക്കയിലെ കേമ്പ് ഡേവിഡില്‍ നടന്ന ജിസിസി അമേരിക്ക സംയുക്ത ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് ഇന്ന് റിയാദില്‍ പ്രത്യേക സമ്മേളനം നടക്കുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ രാവിലെ പത്തിന് ദര്‍ഇയ്യ കോണ്‍ഫ്രന്‍സ് പാലസില്‍ ഉച്ചകോടിക്ക് തുടക്കമാവും. മുഴുവന്‍ രാഷ്ട്ര നേതാക്കളും ബുധനാഴ്ച തന്നെ റിയാദിലെത്തിയിരുന്നു. സ്ഥാനമൊഴിയുന്നതിന് മുമ്പായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ സുരക്ഷാ വിഷയങ്ങളില്‍ എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാന്‍ ഒബാമക്ക് സാധിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അറബ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ആഭ്യന്തര ഇടപെടല്‍, ഇറാഖിന്റെ പുനര്‍ നിര്‍മാണം, ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ തീരുമാനങ്ങളുടെ വിലയിരുത്തല്‍ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.

കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അഹമ്മദ് അസ്സബാഹ്, അബൂദബി കിരീടവകാശി മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് ആല്‍ സഈദ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ബഹറൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദു ലത്വീഫ് അസ്സയാനി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News