റോഹിങ്ക്യൻ ജനതക്ക് വീണ്ടും ഖത്തറിന്റെ സഹായം
ഖത്തർ ചാരിറ്റി യു.എൻ.എച്ച്.സി.ആറിന് 73 ലക്ഷം റിയാൽ നൽകും
റോഹിങ്ക്യൻ ജനതക്ക് വീണ്ടും ഖത്തറിന്റെ സഹായം . ഖത്തർ ചാരിറ്റി യു.എൻ.എച്ച്.സി.ആറിന് 73 ലക്ഷം റിയാൽ നൽകും. 1.7 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന യു.എൻ.എച്ച്.സി.ആർ ഷെൽട്ടർ പദ്ധതിയിലേക്കാണ് ഖത്തർ ചാരിറ്റി നൽകുന്ന തുക വിനിയോഗിക്കുക. മ്യാന്മറിൽ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതയെ സഹായിക്കാൻ ഖത്തർ ചാരിറ്റിയും യുനൈറ്റഡ് നാഷൻസ് ഹൈക്കമീഷണർ ഫോർ റഫ്യൂജീസും കൈകോർക്കുന്നു. യു.എൻ.എച്ച്.സി.ആറിന്റെ ഹോഹിങ്ക്യൻ സഹായഫണ്ടിലേക്ക് 20 ലക്ഷം ഡോളറിന് തുല്ല്യമായി 73 ലക്ഷം റിയാലാണ് ഖത്തർ ചാരിറ്റി നൽകുക.
ഇതുസംബന്ധിച്ച കരാറിൽ ഖത്തർ ചാരിറ്റി സി.ഇ.ഒ യുസുഫ് ബിൻ അഹ്മദ് അൽ കുവാരിയും യു.എൻ.എച്ച്.സി.ആർ മേഖല പ്രതിനിധി ഇംറാൻ റിദയും ഒപ്പുവെച്ചു. 1.7 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന യു.എൻ.എച്ച്.സി.ആർ ഷെൽട്ടർ പദ്ധതിയിലേക്കാണ് ഖത്തർ ചാരിറ്റി നൽകുന്ന തുക വിനിയോഗിക്കുക. 1,360 ഹൗസിങ് യൂനിറ്റുകൾ, രണ്ട് വിവിധോദ്ദേശ്യ കെട്ടിടങ്ങൾ, 11 ക്ലിനിക്കുകൾ, 115 കിച്ചണുകൾ, 18 സ്റ്റോറുകൾ എന്നിവയടങ്ങിയതാണ് പദ്ധതി. ഖത്തർ ചാരിറ്റി നൽകുന്നതിൽ 10 ലക്ഷം ഡോളർ ഹൗസിങ് യൂനിറ്റുകളുടെയും 10 ലക്ഷം ഡോളർ കിച്ചണുകളുടെയും നിർമാണത്തിനാണ് ഉപയോഗിക്കുക. ഇതുവഴി 10,000 ഒാളം അഭയാർഥികൾക്ക് സുരക്ഷിത താമസമൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2012ൽ റോഹിങ്ക്യൻ ജനത സമാനമായ രീതിയിൽ ദുരിതമനുഭവിച്ചപ്പോഴും ഖത്തർ ചാരിറ്റി 11 ലക്ഷം റിയാൽ യു.എൻ.എച്ച്.സി.ആർ വഴി നൽകിയിരുന്നു.