സമ്പന്നരും രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ് കേരള രാഷ്ട്രീയത്തിലെ അപകടമെന്ന് പി.സി ജോർജ്
കൊടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എം മറുപടി പറയണമെന്നും പി.സി ജോർജ് പറഞ്ഞു.
സമ്പന്നരും രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ് ഇന്ന് കേരള രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് പൂഞ്ഞാർ എംഎല്‍എ പി.സി ജോർജ്. മക്കൾക്ക് ബിസിനസ് കെട്ടിപ്പടുക്കാൻ കേരളത്തെ വിറ്റുതുലക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ ജാഗരൂകരായിരിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയം നേറ്റീവ് ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അക്ഷര നഗരി സംഗമത്തിൽ പങ്കെടുക്കാന്‍ മസ്കത്തിലെത്തിയതായിരുന്നു എംഎല്‍എ.
രാഷ്ട്രീയക്കാരുടെ മക്കൾ ബിസിനസ് ചെയ്യുന്നതോ രാഷ്ട്രീയത്തിലേക്ക് വരുന്നതോ തെറ്റാണെന്ന് പറയാൻ കഴിയില്ല. അതീവ സമ്പന്നമാർക്ക് രാജ്യത്തിന്‍റെ സ്വത്ത് ദാനം നൽകിയാകരുത് നേതാക്കൾ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. കൊടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എം മറുപടി പറയണമെന്നും പി.സി ജോർജ് പറഞ്ഞു.
കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന നിലപാടിൽ മാറ്റമൊന്നുമില്ലെന്നും പി.സി ജോർജ് പറഞ്ഞു. ജോസഫും മാണിയുമാണ് കേരളകോൺഗ്രസിന്‍റെ പേരിൽ സുഖമായി ജീവിച്ചവർ. കേരള കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഇവരുടെ നിലപാടുകൾ. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെതിരെ ബദൽ മുന്നണി വളർന്നുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും പി.സി ജോർജ് പറഞ്ഞു. കേരള ജനപക്ഷത്തിന്റെ വിപുലീകരണം സംബന്ധിച്ച് ചെറുപാർട്ടികളുമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്‍റ് സാജൻ.സി.വർഗീസ്, സെക്രട്ടറി ഡിറ്റി തോമസ്, ട്രഷറർ കുര്യൻ എബ്രഹാം, ജനറൽ കൺവീനർ വർഗീസ് കുര്യൻ, വൈസ് പ്രസിഡൻറ് റെജി.കെ.ജോയ്, അസി.ട്രഷറർ മനോജ് ഐപ്പ്, പ്രോഗ്രാം കൺവീനർ സജി ഔസേഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.