അധിക ലഗേജ് കയറ്റി വിടുന്നതിന് ട്രോളി ജീവനക്കാരന് കൈക്കൂലി നല്‍കിയ മലയാളി പിടിയില്‍
കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകാന്‍ ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ എത്തിയ മുവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്
എയര്‍പോര്‍ട്ടില്‍ വെച്ച് അധിക ലഗേജ് കയറ്റി വിടുന്നതിന് ട്രോളി ജീവനക്കാരന് കൈക്കൂലി നല്‍കിയ മലയാളി പിടിയില്‍. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകാന്‍ ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ എത്തിയ മുവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് പോകുന്നതിന് ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഇദ്ദേഹം. അനുവദിച്ചതിലും കൂടുതല്‍ ലഗേജ് ഉള്ളതിനാല്‍ എയര്‍പോര്‍ട്ടിലെ കൗണ്ടറില്‍ അധിക ചാര്‍ജ് അടക്കാന്‍ എയര്‍വേസ് അധികൃതര്‍ ഇദ്ദേഹത്തോടാവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടയില്‍ എയര്‍പോര്‍ട്ടിലെ ട്രോളി ജീവനക്കാരന്‍ പകുതി തുക തന്നാല്‍ കയറ്റി വിടാം എന്ന വാഗ്ദാനവുമായി ഇദ്ദേഹത്തെ സമീപിച്ചു. കാശ കൈമാറുന്നതിനിടെ സി.സി ടിവി വഴി ഇവരെ നിരീക്ഷിച്ച പൊലീസിലെ രഹസ്യ വിഭാഗം ഇരുവരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ദമ്മാം ഫൈസലിയ്യാ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജുബൈലില്‍ ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു പിടിയിലായ മൂവാറ്റുപുഴ സ്വദേശി. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ രണ്ട് മാസത്തെ അവധിക്കാലത്തിനു നാട്ടിലേക്ക് തിരിച്ചതായിരുന്നു ഇദ്ദേഹം. ഇതിന് മുമ്പും സമാനമായ കേസില്‍ മറ്റൊരു മലയാളി ദമ്മാമില്‍ വെച്ച് പിടിയിലായിരുന്നു.