സര്‍ക്കാര്‍ ഉത്തരവുകള്‍ തെറ്റായി പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെന്ന് സൗദിയുടെ മുന്നറിയിപ്പ്

ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി

Update: 2021-05-31 01:55 GMT
Advertising

സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രൊസിക്യൂഷന്‍. ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സൗദി സര്‍ക്കാറിന് കീഴിലെ ചില മന്ത്രാലയങ്ങള്‍ ഇറക്കിയ ഉത്തരവുകളെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഏജന്‍സികളും ഇറക്കുന്ന ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് പൊതുവികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളിലേര്‍പ്പെടുന്നവര്‍ക്കാണ് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ കുറ്റകൃത്യ നിയമമനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ക്രമസമാധാനം തകര്‍ക്കുക, മതമൂല്യങ്ങളും പൊതുസംസ്‌കാരവും ഇല്ലാതാക്കുക, വ്യക്തികളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കിടയാക്കാവുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും, നിര്‍മ്മിക്കുന്നതും അയച്ച് കൊടുക്കുന്നതും, കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിക്കുന്നതും ക്രിമിനല്‍ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മതകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് പ്രൊസിക്യൂഷന്‍ വിശദീകരണം നല്‍കിയത്.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News