മനാമ സൂഖിൽ 10 ദിവസത്തെ സാംസ്‌കാരിക പരിപാടികൾ
ബഹ്‌റൈനിൽ പൈതൃക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് മനാമ സൂഖിൽ 10 ദിവസത്തെ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. 'മനാമയിലേക്ക്' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെയാണ് പരിപാടികൾ നടത്തുന്നത്.
ബഹ്‌റൈന്റെ തനത് കരകൗശല ജോലികൾ കുട്ടികൾക്കും യുവതലമുറക്കും പരിചയപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ശിൽപശാലകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പഴയകാല ബഹ്‌റൈനി കളികൾ, സംഗീത പരിപാടികൾ തുടങ്ങിയവയുമുണ്ടാകും.
കുട്ടികളുടെ പ്രത്യേക പരിപാടികളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. സെപ്റ്റംബർ 22 മുതൽ 24 വരെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പാവകളിയുമുണ്ടാകും. വിവിധ പ്രായക്കാരായ സന്ദർശകരെ ഉദ്ദേശിച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ. നാസർ ഖാഇദി അറിയിച്ചു.