ബഹ്‌റൈനിൽ തണുപ്പ് കാലം; ക്യാമ്പിങ് സീസണ് തുടക്കം
രജിസ്ട്രേഷൻ നവംബർ 25 വരെ
മനാമ: ബഹ്‌റൈനിൽ തണുപ്പ് കാലം സമാഗതമായതോടെ ടെന്റുകളിൽ രാപ്പാർക്കുന്ന ക്യാമ്പിങ് സീസണ് തുടക്കം. അടുത്തവർഷം ഫെബ്രുവരി 20 വരെയായിരിക്കും ക്യാമ്പിംഗ് സീസൺ. ഈ മാസം 25 വരെ രജിസ്‌ട്രേഷൻ നടത്താം.
തണുപ്പ് കാലാവസ്ഥ എത്തിത്തുടങ്ങിയതോടെ അവാലി മുതൽ സാഖിർ വരെയുള്ള പ്രദേശത്ത് നിരവധി ടെന്റുകൾ ഉയർന്നുകഴിഞ്ഞു. തണുപ്പ് ശക്തമാകുന്നതോടെ ശൈത്യമകറ്റാൻ അറബ് സ്വദേശികളും പ്രവാസികളും ടെന്റുകളിലെത്തുന്ന രീതിക്കും തുടക്കമാകും. 2,600ലധികം ക്യാമ്പ് സൈറ്റുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ 10,000 രജിസ്‌ട്രേഷനാണ് പ്രതീക്ഷിക്കുന്നത്.
ഓരോ വർഷവും ക്യാമ്പിംഗ് സീസണിൽ വാരാന്ത്യദിനങ്ങളിൽ സഖീറിലെ കൂടാരങ്ങളിൽ കുടുംബസമേതമെത്തുന്നവർ നിരവധിയാണ്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കിയിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും പാരിസ്ഥിതികവും സുരക്ഷാ സംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണു ടെന്റുകളെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പിങ്ങിന്റെ ഒരുക്കവും സുരക്ഷയും വിലയിരുത്തുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ ടെന്റുകൾ സന്ദർശിച്ചു. ക്യാമ്പ് ചെയ്യുന്നവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ എല്ലാ നിയമങ്ങളും നിർദേശങ്ങളും പാലിക്കണം
ക്യാമ്പിംഗിനായുള്ള രജിസ്ട്രേഷൻ നവംബർ 25 വരെ നടത്താം. മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ച് ഇതിനായുള്ള രജിസ്‌ട്രേഷൻ നടത്താം. അറബിയിലും ഇംഗ്ലീഷിലുമായി രജിസ്‌ട്രേഷൻ ചെയ്യാം. ഫീസ് ഉണ്ടായിരിക്കില്ല. ആഴ്ചതോറും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെൻറിന് കാഷ് അവാർഡ് നൽകുമെന്ന് കഴിഞ്ഞ വർഷം യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചിരുന്നു. ടെൻറ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്.