ചതിയിൽപ്പെട്ട് 19 വർഷം ജയിൽവാസം; ഒടുവിൽ ഷാഹുൽ ഹമീദ് നാട്ടിലേക്ക് മടങ്ങി
പരിചയക്കാരൻ ഏൽപ്പിച്ച പാഴ്സൽ വഴിയാണ് ഷാഹുൽ ഹമീദ് ചതിയിൽപ്പെട്ടത്
19 വർഷത്തെ ജയിൽവാസത്തിനുശേഷം തൃശൂർ പാടൂർ സ്വദേശി മമ്മസറായില്ലത്ത് ഷാഹുൽ ഹമീദ് (56) ബുധനാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങി.
2003 ജൂൺ ഒമ്പതിനാണ് ഷാഹുൽ ഹമീദ് ബഹ്റൈൻ എയർപോർട്ടിൽ നിരോധിത മരുന്ന് കൈവശംവെച്ചതിന് പിടിയിലാവുന്നത്. 1993 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായ ഇദ്ദേഹം അവധികഴിഞ്ഞ് ചെന്നൈയിൽനിന്ന് ബഹ്റൈൻ വഴി സൗദി അറേബ്യയിലേക്ക് പോകുമ്പോഴാണ് ബഹ്റൈനിൽ അറസ്റ്റിലാവുന്നത്.
നാട്ടിലെ പരിചയക്കാരൻ സൗദിയിലെ സുഹൃത്തിന് നൽകാൻ ഏൽപ്പിച്ച പാഴ്സൽ വഴിയാണ് ഷാഹുൽ ഹമീദ് ചതിയിൽപ്പെടുന്നത്.ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ഷാഹുൽ ഹമീദിന്റെ മോചനത്തിനായി വിവിധ തലങ്ങളിൽ ഇടപെടലുകൾ നടന്നിരുന്നു.
ശാരീരിക അവശതകൾ ഏറെയുള്ള ഷാഹുൽ ഹമീദ് നിറഞ്ഞ സന്തോഷത്തോടെയാണ് ബഹ്റൈനിൽനിന്ന് യാത്ര തിരിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്കളുടെയെല്ലാം വിഹാഹം കഴിഞ്ഞു. ബഹ്റൈൻ ഭരണകൂടം, ഇന്ത്യൻ എംബസി, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ, ഇന്റർകോർപ് എം.ഡി മുഹമ്മദ് ഇഖ്ബാൽ, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഷാഹുൽ ഹമീദ് പറഞ്ഞു.