ബഹ്റൈനിൽ നാഷണൽ റഫറണ്ടം രാജ്യത്തിന് കരുത്ത് നൽകിയതായി വിലയിരുത്തൽ
ബഹ്റൈനിൽ 21ാമത് നാഷണൽ റഫറണ്ടത്തിന്‍റെ വാർഷിക പശ്ചാത്തലത്തിൽ, പ്രസ്തുത നീക്കം രാജ്യത്തിന് കരുത്ത് പകർന്നതായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. നാഷണൽ റഫറണ്ടം കൊണ്ട് രാജ്യത്തിനുണ്ടായ പുരോഗതിയും വളർച്ചയും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ വിലയിരുത്തി.
സാമ്പത്തിക, വികസന, രാഷ്ട്രീയ രംഗത്ത് വലിയ പുരോഗതിയുണ്ടാക്കാൻ നാഷണൽ റഫറണ്ടം വഴി സാധിച്ചു.തടവ് ശിക്ഷ വിധിച്ചവരുടെയും ബദൽ ശിക്ഷ അനുഭവിക്കുന്നവരുടെയും തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഹമദ് രാജാവിന്‍റെ നിർദേശ പ്രകാരം പാർപ്പിട യൂണിറ്റുകൾ നൽകുന്നതിനുള്ള തീരുമാനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു.
ബഹ്റൈനികളുടെ വിദേശികളായ ഭാര്യമാർക്കും അവരുടെ ബന്ധുക്കൾക്കും ബഹ്റൈനി സ്ത്രീകളുടെ വിദേശികളായ ഭർത്താക്കൻമാർക്കും അവരുടെ ബന്ധുക്കൾക്കും വിസിറ്റിങ് വിസയും താമസ വിസയും നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലിപ്തപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമ നിർദേശം കാബിനറ്റ് ചർച്ച ചെയ്തു.
2021സാമ്പത്തിക വർഷത്തിലെ പ്രാഥമിക സാമ്പത്തിക ഫലങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം പൊതു വരുമാനത്തിൽ വർധനവുണ്ടായതായി വിലയിരുത്തി. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട നിയമം മുറുകെ പിടിച്ചാണ് ഇത് സാധ്യമായത്. കൂടാതെ 2020 നേക്കാൾ ധനക്കമ്മി 35% കുറയുകയും എണ്ണയിതര വരുമാനത്തിൽ അഞ്ച് ശതമാനം വർധനവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബഹ്റൈൻ കൗൺസിൽ ഫോർ ഹെൽത് സ്റ്റഡീസ് ആന്‍റ് സ്പെഷ്യാലിറ്റീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെ നിർദേശം അംഗീകരിക്കുകയും തുടർ നടപടിക്കും വിലയിരുത്തലിനും അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനുമായി സംവിധാനങ്ങൾ ഒരുക്കുന്നതിനും പരിശീലനം നൽകുന്നതിനും നിർദേശിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള കരട് തീരുമാനവുമായി ബന്ധപ്പെട്ട് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയുടെ നിർദേശം ചർച്ച ചെയ്തു.