അൻപത്തി ഒന്നാമത് ദേശീയദിനം; വർണച്ചമയങ്ങളിൽ അണിഞ്ഞൊരുങ്ങി ബഹ്റൈൻ
ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16 മുതൽ 19വരെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ദീപാലങ്കാരങ്ങളുടെ വർണ പ്രഭയിലാണ് അറേബ്യയുടെ പവിഴദ്വീപ്. അലങ്കാരങ്ങളിലും വർണച്ചമയങ്ങളിലും ബഹ്റൈൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. തെരുവുകളും ഗ്രാമങ്ങളും രാത്രികാലങ്ങളിൽ പ്രഭാപൂരിതമായ കാഴ്ചകളാണെങ്ങും .
ഈ മാസം പതിനാറിനെത്തുന്ന ദേശീയ ദിനത്തെ വരവേൽക്കാനായുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ് ബഹ്‌റൈനിൽ. രാജ്യത്ത് ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16 മുതൽ 19വരെ വെള്ളി, ശനി,ഞായർ, തിങ്കൾ ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈൻ ദേശീയ പതാകകളും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള ചമയങ്ങളും കൊണ്ട് പ്രധാന പാതകളുടെയെല്ലാം ഇരുവശത്തും അലങ്കരിച്ചു കഴിഞ്ഞു രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽ മാൻ ബിൻ ഹമദ് അൽ ഖലീഫ എന്നീ ഭരണാധികാരികളുടെ ചിത്രങ്ങളും കൊടി തോരണങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് വർണാഭമാണു തെരുവോരങ്ങൾ. വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും ഗവർണറേറ്റുകളുടെയും നേത്യത്വത്തിലാണ് വെടിക്കെട്ടടക്കമുള്ള വിവിധ ആഘോഷപരിപാടികൾ രാജ്യത്ത് നടക്കുക. പ്രവാസി സംഘടനകളും കൂട്ടായ്മകളും ആഘോഷത്തിൽ പങ്കുചേരും.