ബഹ്റൈനും ഖത്തറും ബന്ധം ഊഷ്മളമാക്കുന്നു
ബഹ്റൈൻ കിരീടാവകാശിയും ഖത്തർ അമീറും ടെലിഫോൺ സംഭാഷണം നടത്തി
Update: 2023-01-26 10:02 GMT
ബഹ്റൈനും ഖത്തറും ബന്ധം ഊഷ്മളമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ടെലിഫോൺ സംഭാഷണം നടത്തി.
ഖത്തറിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായുള്ള ഹമദ് രാജാവിന്റെ ആശംസ കിരീടാവകാശി കൈമാറി. ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ കിരീടാവകാശി, പ്രശ്‌നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ജി.സി.സിയുടെ ഐക്യവും മേഖലയുടെ സുരക്ഷിതത്വവും നിലനിർത്താനും ഇത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകൾ തുടരാനും ചർച്ചയിൽ തീരുമാനമായി.