ബഹ്റൈൻ സെൻട്രൽ മാർക്കറ്റ് നവീകരണം തുടരും
ബഹ്റൈനിലെ സെൻട്രൽ മാർക്കറ്റ് നവീകരണം തുടരുമെന്ന് കാപ്പിറ്റൽ മുനിസിപ്പൽ ഡയരക്ടർ മുഹമ്മദ് സഅദ് അസ്സഹ്ലി വ്യക്തമാക്കി. മാർക്കറ്റിലെ വ്യാപാരികളുമായി സഹകരിച്ചാണ് നവീകരണ പദ്ധതികൾ നടപ്പാക്കുക.
സെൻട്രൽ മാർക്കറ്റുമായി ബന്ധപ്പെട്ട് ഉയരുന്ന വിവിധ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി മുനിസിപ്പാലിറ്റി പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. വ്യപാരികൾ, ഉപഭോക്താക്കൾ എന്നിവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പദ്ധതികൾ തയാറാക്കും.
മൊത്ത വ്യപാരികൾക്കായി സെൻട്രൽ മാർക്കറ്റിന് പുറത്തുള്ള ഭാഗത്ത് ഷീറ്റിട്ട് മറക്കുന്ന പ്രവർത്തനം നടക്കുന്നുണ്ട്. 135 സ്റ്റാളുകൾ ഇവിടെ സജ്ജീകരിക്കാനാവും. മത്സ്യ മാർക്കറ്റിൽ സിമന്‍റ് തറ ഒഴിവാക്കി പകരം ടൈൽസ് പാകുകയും ചെയ്യും. പഴം, പച്ചക്കറി മാർക്കറ്റിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതായി മുനിസിപ്പൽ സംഘം വിലയിരുത്തി.