സന്തോഷ സൂചിക: അറബ് മേഖലയിലും ജിസിസിയിലും ബഹ്‌റൈൻ ഒന്നാം സ്ഥാനത്ത്
വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 146 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ 21-ാം സ്ഥാനം നേടി.
ലോക രാജ്യങ്ങളുടെ സന്തോഷ സൂചികയിൽ മികച്ച റാങ്കിംഗ് നേടി അറബ് മേഖലയിലും ജിസിസിയിലും ബഹ്‌റൈൻ ഒന്നാം സ്ഥാനത്ത്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 146 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ 21-ാം സ്ഥാനം നേടി. യു. എ ഇ 24 ാം സ്ഥാനവും സൗദി അറേബ്യ 25 ാം സ്ഥാനവും നേടി മുൻ നിരയിൽ ഇടം പിടിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ലോക സന്തോഷ സൂചികയിൽ അറബ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിങാണ് ബഹ്‌റൈൻ നേടിയത് . കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനെ അപേക്ഷിച്ച് നില ഏറെ മെച്ചപ്പെടുത്തിക്കൊണ്ടാണ് മൊത്തം 146 രാജ്യങ്ങളിൽ 21-ാം സ്ഥാനത്ത് ബഹ്റൈൻ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം റിപ്പോർട്ടിൽ മുപ്പത്തി അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ബഹ്റൈൻ പതിനാലു പോയന്‍റ് കൂടി മെച്ചപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
2008 മുതൽ 2012 വരെയും 2019 മുതൽ 2021 വരെയുമുള്ള കാലയളവിൽ സന്തോഷ സൂചികയിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ച പത്ത് രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈനെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോക രാജ്യങ്ങളുടെ പട്ടികയിൽ ഫിൻലൻ്റും ഡെന്മാർക്കും ഒന്നും രണ്ടും സ്ഥാനം നേടിയ പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ. എല്ലാ വര്‍ഷവും മാര്‍ച്ച് 20 ആണ് വേള്‍ഡ് ഹാപ്പിനസ് ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. പ്രതിശീര്‍ഷ വരുമാനം, ആയുര്‍ദൈര്‍ഘ്യം, പൗരസ്വാതന്ത്ര്യം, തൊഴിൽ സുരക്ഷ, തുടങ്ങിയ വിവിധ ഘടകങ്ങൾ മാനദണ്ഠമാക്കിയും വിവിധ സര്‍വേകളിലെ ഫലങ്ങൾ ആധാരമാക്കിയുമാണ് ലോക സന്തോഷ സൂചിക തയ്യാറാക്കുന്നത്