ബഹ്റൈനിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു
രാജ്യത്തെ ജനസംഖ്യയിൽ വാക്സിനേഷന് അർഹരായവരിൽ 80 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ട് ഡോസുകൾ നൽകിയാണ് ബഹ്റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്
ബഹ്റൈനിൽ കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു. കോവിഡ് വ്യാപനം ചെറുക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ രാജ്യ നിവാസികൾ ജാഗ്രത കൈവിടരുതെന്ന് അധിക്യതർ മുന്നറിയിപ്പ് നൽകി. 140 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഏഴ് മാസമായി തുടരുന്ന വാക്സിനേഷൻ കാമ്പയിനിലൂടെ രാജ്യത്തെ ജനസംഖ്യയിൽ വാക്സിനേഷന് അർഹരായവരിൽ 80 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ട് ഡോസുകൾ നൽകിയാണ് ബഹ്റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് . ദശലക്ഷം പേർ രണ്ട് ഡോസ് സ്വീകരിച്ച രാജ്യത്ത് തുടർഘട്ടത്തിൽ അർഹരായവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന പദ്ധതിയും ഊർജിതമാണ്.
കോവിഡ് പ്രതിരോധ വാക്സിനുകൾ പ്രവാസികൾക്കും പൗരന്മാർക്കും സൗജന്യമായി നൽകിയും ലോകത്തെ പ്രമുഖ വാക്സിനുകൾ സുതാര്യമായി ലഭ്യമാക്കിയുമാണ് രാജ്യത്തെ വാക്സിൻ കാമ്പയിൻ പുരോഗമിക്കുന്നത്. ബഹ്റൈനിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ജൂലൈ ഒന്ന് വരെയുള്ള കണക്ക് പ്രകാരം മാസ്ക് ധരിക്കാത്തതിന്‍റെ പേരിൽ 93,000 പേരിൽ നിന്നും പിഴ ഈടാക്കിയതായി വിവിധ ഗവർണറേറ്റുകളിലെ പൊലീസ് മേധാവികൾ വ്യക്തമാക്കി.
പൊതുജനങ്ങളിൽ അധികപേരും കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തുന്നവരാണെന്നും അത് കാരണമാണ് കോവിഡ് വ്യാപനത്തോത് കുറഞ്ഞ നിലയിലേക്ക് എത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളുദ്ധരിച്ച് സുരക്ഷാ അതോറിറ്റി അറിയിച്ചു.
സാമൂഹിക അകലം പാലിക്കാത്തതിന്‍റെ പേരിൽ 11,362 പേർക്കെതിരെ നടപടിയെടുക്കുകയും 13,065 ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ച 140 പേരിൽ 88 പേരാണ് പ്രവാസികൾ. 262 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചിട്ടുണ്ട് . നിലവിൽ 2,252 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 77 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.