ഈദ് ആഘോഷത്തിനായി ഒരുങ്ങി ബഹ്‌റൈൻ
ഈദ്ഗാഹുകളിലും പള്ളികളിലും നാളെ ഈദ് പ്രാർഥനകൾ നടക്കും
മനാമ: വ്രതശുദ്ധിയുടെ മുപ്പത് രാപ്പകലുകൾക്ക് ശേഷം പെരുന്നാൾ ആഘോഷത്തിനായി ബഹ്‌റൈനും ഒരുങ്ങി. ഈദ് അവധി ദിനങ്ങളിൽ റോഡ് ഗതാഗതം സുഗമമാക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഈദ്ഗാഹുകളിലും പള്ളികളിലും നാളെ ഈദ് പ്രാർഥനകൾ നടക്കും.
കോവിഡ് ഭീതി വിതച്ച ഇടക്കാലത്തിനു ശേഷം ഇത്തവണ ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹുകളിലും ആരാധനാലയങ്ങളിലും ഈദ് പ്രാർഥനകൾ നടക്കും. വിവിധ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം നടക്കുന്നതോടൊപ്പം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്ന ഈദ്ഗാഹുകൾ കുടുംബങ്ങൾക്കും നാട്ടുകാർക്കും ഒന്നിച്ച് സന്തോഷം പങ്കുവെക്കാനുള്ള വേദികൾ കൂടിയായി മാറും. രാജ്യത്തെ പ്രവാസി സമൂഹത്തിന് വിവിധയിടങ്ങളിലായി ഈദ് ഗാഹുകൾ സംഘടിപ്പിക്കാൻ സുന്നീ ഔഖാഫ് അംഗീകാരം നൽകിയിട്ടുണ്ട്. പൊതുവായ ഈദ് ഗാഹുകൾ അനുവദിച്ചത് പോലെ തന്നെ വിവിധ സ്‌കൂളുകളും ക്ലബുകളും കേന്ദ്രീകരിച്ചാണ് പ്രവാസി സമൂഹത്തിന് പ്രത്യേക ഈദ് ഗാഹുകൾക്കുള്ള അംഗീകാരം നൽകിയത്.
പ്രവാസി സമൂഹത്തിനായി പ്രാർഥനകക്ക് ഹൂറ ഉമ്മു ഐമൻ സ്‌കൂൾ, ഗുദൈബിയ അബ്ദുറഹ്‌മാൻ അദ്ദാഖിൽ സ്‌കൂൾ, ഈസ്റ്റ് റിഫ ബോയ്‌സ് സ്‌കൂൾ, ഉമ്മുൽ ഹസം ക്ലബ്, മാലികിയ്യ സ്‌കൂൾ ഫോർ ബോയ്‌സ്, ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ, ഹമദ് ടൗൺ യൂത്ത് സെൻറർ, സിത്ര ഹാലത് ഉമ്മുൽ ബൈദ് പള്ളിക്ക് എതിർവശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിലാണു സൗകര്യം ഒരുക്കിയിട്ടുള്ളത്. പാകിസ്ഥാൻ ക്‌ളബ്ബിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിലെ പ്രാർഥനകക്ക് പ്രമുഖ പണ്ഠിതനായ ഡോക്ടർ ഹുസൈൻ മടവൂർ നേത്യത്വം നൽകും. ഈസാ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽ സൂന്നി ഔഖാഫ് സംഘടിപ്പിക്കുന്ന ഈദ് ഗാഹിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. പെരുന്നാൾ ദിനങ്ങളിൽ രാജ്യത്തെ വിവിധ പ്രവാസി സംഘടനകളുടെ കീഴിൽ കലാസ്വാദന സദസ്സുകളും നടക്കും.