'പ്രവാസികളും നിയമപ്രശ്നങ്ങളും'; വെബിനാർ സംഘടിപ്പിച്ചു
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടുകൂടി 'പ്രവാസികളും നിയമപ്രശ്നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന വെബിനാറിന്റെ മൂന്നാം സെഷൻ സംഘടിപ്പിച്ചു.
പരാതി പരിഹാര സംവിധാനത്തിന്റെ ചെലവേറിയ പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത ആളുകൾക്ക് നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ലീഗൽ സെൽ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിന്റെ മൂന്നാം സെഷനിൽ ഇന്ത്യയിൽനിന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് ജോസ് എബ്രഹാം പങ്കെടുത്തു. വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എംബസിയെ പ്രതിനിധാനം ചെയ്ത് മറുപടി പറഞ്ഞു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വ. ദാന അൽ ബസ്തകി എന്നിവർ പ്രവാസി സമൂഹത്തിന്റെ പൊതുവായ സംശയങ്ങൾക്ക് മറുപടി നൽകി.
പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ്, ഐമാക് ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. അഡ്വ. വി.കെ തോമസ്, അഡ്വ. ദാന അൽ ബസ്‌തകി, മോഡറേറ്റർമാരായ വിനോദ് നാരായണൻ, ശർമിഷ്ഠ ഡേ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളായ സുഷ്മ അനിൽ ഗുപ്ത, എ.ടി ടോജി, ശ്രീജ ശ്രീധരൻ (ജോ. സെക്ര.), ഗവേണിങ് കൗൺസിൽ അംഗങ്ങളായ അരുൺ ഗോവിന്ദ്, ഹരിബാബു, ജയ് ഷാ, സന്ദീപ് ചോപ്ര, സുഭാഷ് തോമസ്, രാജീവൻ, ജി.കെ. സെന്തിൽ, മണിക്കുട്ടൻ, റോഷൻ ലൂയിസ്, ഗണേഷ് മൂർത്തി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.