പൂർണമായും ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതിക്ക് തുടക്കം കുറിച്ചു
പൂർണമായും തദ്ദേശീയമായി ഉപഗ്രഹം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് ബഹ്റൈൻ. 2023 ഡിസംബറിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്താനാണ് നാഷനൽ സ്പേസ് സയൻസ് ഏജൻസി നേത്യത്വം നൽകുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബഹ്റൈൻ നിർമിതമായ പദ്ധതിയിലൂടെ ഉപഗ്രഹ നിർമാണ രംഗത്ത് നേട്ടം കൈവരിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് അറിയിച്ചത് . ബഹിരാകാശ ശാസ്ത്ര, സാങ്കേതിക രംഗത്ത് മികവ് തെളിയിച്ചവരും മികച്ച പരിശീലനം നേടിയവരുമായ ബഹ്റൈനിലെ യുവശാസ്ത്രജ്ഞരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലുടെയും രാജ്യത്തെ ബഹിരാകാശ മേഖലയിലെ മുൻനിര രാജ്യങ്ങൾക്കൊപ്പമെത്തിക്കാൻ ശ്രമിക്കുന്ന നാഷനൽ സ്പേസ് സയൻസ് ഏജൻസിയെ അദ്ദേഹം അഭിനന്ദിച്ചു.
ബഹ്റൈൻ നിർമിത ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ തുടക്കം കുറിച്ച് 2028ൽ അവസാനിക്കുന്ന പുതിയ ബഹിരാകാശ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് നാഷനൽ സ്പേസ് സയൻസ് ഏജൻസി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു. പദ്ധതി രാജ്യം കൈവരിച്ച വൻ നേട്ടമാകുമെന്ന് വിലയിരുത്തിയ ബഹ്റൈൻ മന്ത്രിസഭായോഗം പദ്ധതിക്ക് നേതൃത്വം നൽകുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവും നാഷണൽ സ്പേസ് സയൻസ് അതോറിറ്റി ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫക്ക് ആശംസകൾ നേർന്നു.
യു.എ.ഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് കഴിഞ്ഞ വർഷം ഡിസംബറിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉപഗ്രഹത്തിന് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചത്.