ഗോൾഡൻ റെസിഡെൻസി വിസ ഇനി ബഹ്റൈനിലും

വിസ ലഭിക്കുന്നവർ വർഷത്തിൽ 90 ദിവസക്കാലം ബഹ്റൈനിലുണ്ടാകണമെന്നും നിബന്ധനയുണ്ട്

Update: 2022-02-08 05:15 GMT
Advertising

യു.എ.ഇക്ക് പിന്നാലെ ബഹ്റൈനിലും ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കുവാൻ തീരുമാനം. പ്രവാസികൾക്കും മറ്റ് താമസക്കാർക്കുമായി പത്ത് വർഷത്തേക്കുള്ള വിസയാണു അനുവദിക്കുക. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെയും വിവിധ മേഖലകളിൽ വൈദഗ്ദ്യമുള്ളവരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണു വിസ അനുവദിക്കുന്നതെന്ന് അധിക്യതർ അറിയിച്ചു.

ബഹ്‌റൈനിൽ സ്ഥിരതാമസക്കാരനാകുന്നതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ താമസക്കാർക്കും പ്രവാസികൾക്കും അവസരമൊരുക്കുന്ന ദീർഘ കാല ഗോൾഡൻ റെസിഡൻസി വിസ നിശ്ചിത നിബന്ധനകൾ പൂർത്തീകരിക്കുന്നവർക്കാണു ലഭ്യമാക്കുക. നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍, വിസ ആന്റ് റസിഡന്‍സ് മേധാവി ശൈഖ് അഹ്‌മദ് ബിന്‍ അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ ഭാഗമായാണ് പ്രസ്തുത തീരുമാനം പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷമെങ്കിലും തുടർച്ചയായി ബഹ്‌റൈനില്‍ താമസിക്കുക, രണ്ടായിരം ബഹ്‌റൈന്‍ ദീനാര്‍ അഥവാ നാല് ലക്ഷം ഇന്ത്യന്‍ രൂപയിൽ കുറയാത്ത മാസ ശമ്പളം അഞ്ചുവർഷക്കാലം ലഭിക്കുക എന്നീ നിബന്ധനകൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഗോള്‍ഡന്‍ വീസക്ക് അപേക്ഷിക്കാം.

ബഹ്‌റൈനില്‍ രണ്ട് ലക്ഷം ബഹ്‌റൈന്‍ ദീനാറിൽ കുറയാത്ത നിക്ഷേപമുള്ള താമസക്കാരോ താമസക്കാരല്ലാത്തവരോ ആയ അപേക്ഷകർക്കും പ്രതിമാസം നാലായിരം ദിനാർ മാസ വരുമാനത്തോടെ വിരമിച്ചവർക്കും ഗോള്‍ഡന്‍ വീസ ലഭിക്കും. കൂടാത നിർദിഷ്ട യോഗ്യതകൾ പൂർത്തിയാക്കിയ വിവിധ മേഖലകളിൽ മികവുള്ള പ്രൊഫഷനലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിവര്‍ക്കും ഗോൾഡൻ വിസക്ക് യോഗ്യതയുണ്ടാകും.

വിസ ലഭിക്കുന്നവർ വർഷത്തിൽ 90 ദിവസക്കാലം ബഹ്റൈനിലുണ്ടാകണമെന്നും നിബന്ധനയുണ്ട്. നിയന്ത്രണങ്ങളില്ലാതെ ബഹ്‌റൈനിൽ നിന്നുള്ള മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ് സൗകര്യങ്ങളും അടുത്ത കുടുംബാംഗങ്ങൾക്കുള്ള താമസവും, ബഹ്‌റൈനിൽ ജോലി ചെയ്യാനുള്ള അവകാശവുമടക്കം നിരവധി സൗകര്യങ്ങൾ ഗോൾഡൻ റൈസിഡൻസി വിസ അനുവദിക്കപ്പെടുന്നവർക്ക് ലഭ്യമാകും.

നിശ്ചിത നിബന്ധനകൾ പുർത്തീകരിച്ചാൽ കാലാവധി പരിഗണിക്കാതെയും ഗോൾഡൻ വിസപുതുക്കി നൽകും. ഗോൾഡൻ റൈസിഡൻസി വിസ ലഭിക്കാനായി.ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

തീരുമാനത്തെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്​തു

ഗോൾഡൻ വിസ അനുവദിക്കാനുള്ള നീക്കത്തെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷയിൽ കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം സ്വാഗതം ചെയ്​തു. വിവിധ മേഖലകളിൽ വളർച്ച കൈവരിക്കുന്നതിനും മൽസരാധിഷ്​ഠിത സാഹചര്യം ഒരുക്കുന്നതിനും ഇത്​ വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു.

നിക്ഷേപ, സാമ്പത്തിക, സേവന മേഖലകളിൽ കൂടുതൽ പേരെ ഇതുവഴി ആകർഷിക്കാൻ സാധിക്കും. കഴിവുറ്റവർ വിവിധ മേഖലകളിലേക്ക്​ വരുന്നതിനും അത്തരത്തിലുള്ളവർ ബഹ്​റൈനിൽ സ്​ഥിരമാകുന്നതിനും ഇത്​ കാരണമാകുമെന്ന് യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News