ഗൾഫ് മാധ്യമം ഇന്ത്യ@75 ബി ക്വിസ്; ഗ്രാൻ്റ് ഫിനാലെ സമാപിച്ചു
ഒന്നാം കാറ്റഗറിയിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പ്രണവ് ബോബി ശേഖറും രണ്ടാം കാറ്റഗറിയിൽ ന്യൂ ഇന്ത്യൻ സ്കൂളിലെ ഹരിഹർ പ്രദീപും ജേതാക്കളായി
സ്വാതന്ത്യദിനാഘോഷത്തിൻറെ ഭാഗമായി ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ക്വിസ് മത്സരം സമാപിച്ചു. ഗ്രാൻറ് മാസ്റ്റർ ജിഎസ് പ്രദീപാണ് ഇന്ത്യ അറ്റ് സെവൻറീഫൈവ് ബി ക്വിസ് ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ നയിച്ചത്. ഒന്നാം കാറ്റഗറിയിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പ്രണവ് ബോബി ശേഖറും രണ്ടാം കാറ്റഗറിയിൽ ന്യൂ ഇന്ത്യൻ സ്കൂളിലെ ഹരിഹർ പ്രദീപും ജേതാക്കളായി.
ഏഴു മുതൽ ഒമ്പതു വരെ ഗ്രേഡുകളിൽ പഠിക്കുന്നവർ ഒന്നാം കാറ്റഗറിയിലും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർ രണ്ടാം കാറ്റഗറിയിലുമായി ആവേശപൂർവം മത്സരിച്ചു. ഒന്നാം കാറ്റഗറിയിൽ ഇന്ത്യൻ സ്കൂളിലെ ദസ്വന്ത് സമ്പത്ത് രണ്ടാം സ്ഥാനവും ന്യൂ ഇന്ത്യൻ സ്കൂളിലെ വിധു വിലാസ് മൂന്നാം സ്ഥാനവും നേടി. രണ്ടാം കാറ്റഗറിയിൽ ഇന്ത്യൻ സ്കൂളിലെ ദേവിക സുരേഷ് രണ്ടാം സ്ഥാനത്തും ന്യൂ മില്ലേനിയം സ്കൂളിലെ തൻവി ജയശങ്കർ മൂന്നാം സ്ഥാനത്തുമെത്തി.
പ്രിലിമിനറി റൗണ്ടിൽ ആയിരത്തോളം പേരാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആഗസ്റ്റ് ആറിന് നടന്ന സെമി ഫൈനലിലേക്ക് അർഹത നേടിയ 200ഒാളം പേരിൽനിന്നാണ് ഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുത്തത്. ഗൾഫ് മാധ്യമം ഫേസ്ബുക് പേജിൽ ലൈവായി സംപ്രേഷണം ചെയ്ത മത്സരം കാണാൻ പൊതുജനങ്ങളും ആവേശത്തോടെയുണ്ടായിരുന്നു.
സമ്മാനവിതരണചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലിം അമ്പലൻ, ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ആക്ടിങ് ചെയർമാൻ ഇ.കെ സലിം എന്നിവർ സംസാരിച്ചു. ആർ.പി ഗ്രൂപ് ഒാഫ് കമ്പനീസ് ചെയർമാൻ രവി പിള്ള, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല എന്നിവർ വിഡിയോ സന്ദേശം നൽകി. ബ്യൂറോ ചീഫ് സിജു ജോർജ് സ്വാഗതവും റസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല നന്ദിയും പറഞ്ഞു.