അനധികൃത കാബിനുകളും നിർത്തിയിട്ട ട്രെയിലറുകളും നീക്കം ചെയ്തു
ബഹ്റൈനിൽ അനധികൃതമായി സ്ഥാപിച്ച കാബിനുകളും വഴിയരികിൽ നിർത്തിയിട്ട ട്രെയിലറുകളും നീക്കം ചെയ്തതായി കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കി. ജുഫൈറിലായിരുന്നു കഴിഞ്ഞ ദിവസം നടപടികൾ സ്വീകരിച്ചത്.
പ്രദേശത്തിന്റെ പൊതു കാഴ്ചക്ക് അഭംഗിയുണ്ടാക്കുന്ന നിയമ ലംഘനങ്ങളാണ് ക്ലിപ്തപ്പെടുത്തുകയും നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തത്. പൊതു നിരത്തുകളിലുണ്ടാക്കിയ തടസ്സങ്ങളും നീക്കം ചെയ്തു.
12 കാബിനുകളും ഉപേക്ഷിക്കപ്പെട്ട പഴയ ബോട്ടുകളും, വാഹനങ്ങളും നിയമം ലംഘിച്ച പരസ്യ ബോർഡുകളും നീക്കം ചെയ്തവയിൽ ഉൾപ്പെടും. നേരത്തെ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ഉടമകൾക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനായി ഇവക്ക് മുകളിൽ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ നോട്ടീസ് നൽകിയ സമയത്തിനുള്ളിൽ നീക്കം ചെയ്യാത്തവ മുനിസിപ്പാലിറ്റി ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു.