'ലുലു കെയേഴ്സ്' പദ്ധതിക്ക് തുടക്കമായി
അനാഥരുടെ സംരക്ഷണത്തിനാണ് ആർ.എച്ച്.എഫ് ഈ തുക ഉപയോഗിക്കുക
റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) അനാഥർക്കായി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കുചേർന്ന് ലുലു ഗ്രൂപ് ആരംഭിച്ച 'ലുലു കെയേഴ്സ്' പദ്ധതിക്ക് തുടക്കമായി.ലുലു ഔട്ട്ലെറ്റുകളിലെ ചെക്കൗട്ട് കൗണ്ടറിൽ ബാർകോഡ് സ്കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള തുക സംഭാവന നൽകാൻ സാധിക്കും.
അനാഥരുടെ സംരക്ഷണത്തിനാണ് ആർ.എച്ച്.എഫ് ഈ തുക ഉപയോഗിക്കുക. ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സായിദ് പദ്ധതി ഉദ്ഘാടനം ചെയ്തു. റമദാൻ കാലത്ത് ലുലു ആരംഭിച്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റമർ നൽകുന്ന ഓരോ 100 ഫിൽസിനും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ പ്രവർത്തിക്കുന്ന സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെയാണ് സ്ഥാപനം വിജയം കൈവരിക്കുന്നതെന്ന് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസുഫലി പറഞ്ഞു. റമദാൻ ചാരിറ്റിയിൽ പങ്കാളിയാകാൻ അവസരം തന്ന ആർ.എച്ച്.എഫിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.