മരുന്ന് ക്ഷാമം പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചു
Update: 2023-03-03 06:45 GMT
ബഹ്‌റൈനിൽ മരുന്ന് ക്ഷാമം പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിരമാവശ്യമുള്ള മരുന്നുകളും അതിന് ബദലായ മരുന്നുകളും ആവശ്യത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ശൂറ കൗൺസിൽ അംഗം ഡോ. ബസ്സാം ഇസ്മാഈൽ അൽബിൻ മുഹമ്മദിന്റെ ചോദ്യത്തിനുത്തരമായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത്, വിവിധ ഫാർമസികൾ, ഏകീകൃത മെഡിസിൻ പർച്ചേസ് സമിതി എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന രാജ്യം കൂടിയാണ് ബഹ്‌റൈനെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.