മുതിർന്ന അധ്യാപകൻ എം.എസ് പിള്ള ബഹ്‌റൈനോട് വിടപറയുന്നു
നാളെയാണ് പിള്ള കുടുംബത്തോടൊപ്പം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്
ഇന്ത്യൻ സ്‌കൂളിലെ 26 വർഷത്തെ സേവനത്തിന് ശേഷം മുതിർന്ന അധ്യാപകനായ എം.എസ്.പിള്ള ബഹ്‌റൈനോട് വിടപറയുന്നു. അക്കാദമിക് കോഓർഡിനേറ്ററായി വിരമിക്കുന്ന എം.എസ്.പിള്ള 1995 ഏപ്രിൽ രണ്ടിന് ഇന്ത്യൻ സ്‌കൂളിൽ സീനിയർ വിഭാഗത്തിൽ ഫ്രഞ്ച് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
തമിഴ്‌നാട്ടിലെ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫ്രഞ്ച് ഭാഷയിൽ എം.എയും ബി.എഡും നേടിയ ശേഷമാണ് അദ്ദേഹം വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത്. മട്ടാഞ്ചേരിയിലെ കൊച്ചിൻ കോളേജിലും ചെന്നൈയിലെ എസ്ബി ഓഫീസേഴ്‌സ് ജൂനിയർ കോളേജിലും ലക്ചററായി ജോലി ചെയ്തിരുന്നു.
ഇന്ത്യൻ സ്‌കൂളിൽ ചേർന്ന ശേഷം ഫ്രഞ്ച് ഡിപ്പാർട്ട്മെന്റ് തലവനായും സ്കൂളിലെ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഭാഗ്യ ലക്ഷ്മിയാണ് ഭാര്യ. ഇവരുടെ രണ്ട് മക്കളും സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ്. ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മൂത്ത മകൻ രാജ് മനോഹർ വിവാഹിതനായി ചെന്നൈയിൽ സ്ഥിരതാമസമാണ് . ഇളയവനായ ശ്യാം മോഹൻ മദ്രാസിലെ ഐ.ഐ.ടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി ജർമ്മനിയിൽ എം.എസ് പഠനം തുടരുകയാണ്.
ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപക സേവനം അവിസ്മരണീയ അനുഭവം ആയിരുന്നു. വിദ്യാർത്ഥികൾ എല്ലായ്‌പ്പോഴും പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായിരുന്നുവെന്നും എല്ലാവർക്കും താൻ നന്ദി പറയുന്നുവെന്നും എം.എസ് പിള്ള പറഞ്ഞു. മാർച്ച് 31 ന് പിള്ള കുടുംബത്തോടൊപ്പം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മടങ്ങും.