ബഹ്റൈനിൽ തെരുവ്​ നായ ശല്യം ഒഴിവാക്കുന്നതിന്​ സാമൂഹിക പങ്കാളിത്തം

Update: 2022-02-18 08:50 GMT
Advertising

തെരുവ്​ നായ ശല്യം ഒഴിവാക്കുന്നതിനുള്ള പ്രത്യേക കമ്പനിയായ ബ്ലാക്​ ഗോൾഡുമായി എകർ ചാരിററി അസോസിയേഷനും മൃഗ സമ്പദ്​ അതോറിറ്റിയും സഹകരിച്ച്​ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവ്​ നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ്​ സാമൂഹിക പങ്കാളിത്ത​ത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നത്​.

നടന്ന്​ പോകുന്നവർക്കും വാഹന യാത്രക്കാർക്കും കൂട്ടമായി വരുന്ന തെരുവ്​ നായകൾ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക്​ അപ്പപ്പോൾ പരിഹാരം കാണുന്നതിന്​ ശ്രമിക്കുന്നതായി മൃഗ സമ്പദ്​ വകുപ്പ്​ അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്​ടിക്കുന്ന തരത്തിലുള്ള തെരുവ്​ നായകളുടെ സാന്നിധ്യം കുറക്കുന്നതിനാണ്​ ശ്രമിക്കുന്നത്​.

വിവിധ പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകരും പ്രാദേശിക കൂട്ടായ്​മകളുമായി സഹകരിച്ച്​ തെരുവ്​ നായ ശല്യം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. എകർ ചാരിറ്റി സൊസൈറ്റിയുടെ സഹകരണം പ്രദേശത്ത്​ വലിയ തോതിലുണ്ടായിരുന്ന തെരുവ്​ നായ ശല്യം കുറക്കാനായിട്ടുണ്ടെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു.

സമാനമായ രൂപത്തിൽ മറ്റ്​ പ്രദേശങ്ങളിലും സഹകരണം കിട്ടുകയാണെങ്കിൽ പദ്ധതി വേഗത്തിൽ വിജയത്തിലെത്തിക്കാൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തെരുവ്​ നായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ 80008001, 38099994 എന്നീ നമ്പരുകളിലൂടെ നൽകാവുന്നതാണ്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News