ബഹ്റൈനിൽനിന്ന് പന്ത്രണ്ട് പേർ വേഷമിട്ട പ്രവാസികളുടെ സ്വന്തം സിനിമ പ്രദർശനം തുടരുന്നു
മുന്നണിയിലും പിന്നണിയിലും പ്രവാസികളുടെ പങ്കാളിത്തം അടയാളപ്പെടുത്തുകയാണു തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചലച്ചിത്രം. ബഹ്റൈനിലെ പന്ത്രണ്ട് കലാകാരന്മാരാണു സിനിമയിൽ വേഷമിട്ടത്.
മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ചലച്ചിത്രത്തിൻറെ നിർമാണം നിർവഹിച്ചത് ബഹ്റൈനിലെ പ്രവാസി വ്യവസായി ഫ്രാൻസിസ് കൈതാരത്ത് ആണ്.
ബഹ്റൈനിൽ പ്രവാസികളായ പന്ത്രണ്ടോളം കലാകാരന്മാരും കലാകാരികളുമുണ്ട് ഈ ചലച്ചിത്രത്തിൽ. ഏഴു സിനിമകളിൽ ഒരുമിച്ചഭിനയിച്ച പ്രകാശ് വടകര- ജയ മേനോൻ താര ദമ്പതികൾ മുതൽ ബഹ്റൈനിൽ നിന്നുള്ള നവാഗതരായ അഭിനേതാക്കൾ വരെ ചിത്രത്തിൽ വ്യത്യസ്ത വേഷങ്ങളിലെത്തി.
ബഹ്റൈനിലെ ബി.എം.സി ഫിലിം സൊസൈറ്റിയുടെ ബാനറിൽ നിർമിച്ച സിനിമയിലെ നായിക സ്നേഹ അജിത്, ചലച്ചിത്ര താരങ്ങളായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർക്ക് പുറമെ ഡോ. പി.വി ചെറിയാൻ, ശിവകുമാർ കൊല്ലറോത്ത്, അജി സർവാൻ, അൻവർ നിലമ്പൂർ, പ്രീതി പ്രവീൺ, പ്രവീൺ നമ്പ്യാർ, ഇഷിക പ്രദീപ്, ഷാഹുൽ ഹമീദ്, ശിഹാൻ അഹമ്മദ് എന്നിവരാണ് വെള്ളിത്തിരയിലെത്തിയ ബഹ്റൈനിൽനിന്നുള്ള കലാകാരന്മാർ.
ബി.എം.സിയുടെ അടുത്ത പ്രോജക്ടായ ‘ഷെൽട്ടർ’ എന്ന ആന്തോളജി സിനിമയടക്കം പുതിയ ചലച്ചിത്രങ്ങളുടെ ഭാഗമാകാനുള്ള മുന്നൊരുക്കങ്ങളിലാണു ഈ കലാകാരന്മാർ.