കുവൈത്തില്‍ മരുന്നു ക്ഷാമം തുടരുന്നു, ചില മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി
സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മരുന്നു ക്ഷാമം തുടരുന്നു. ചില മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് പുതിയ നടപടി. രാജ്യത്തെ പൗരന്മാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം കൈകൊണ്ടതെന്ന് അധികൃതര്‍ അറിയിച്ചു .
അതേ സമയം പുതിയ തീരുമാനം ആശുപത്രികളില്‍ ചികത്സക്കെത്തുന്ന വിദേശികളെ ബാധിക്കില്ലെന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ക്ക് ബദല്‍ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്. സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതും കോവിഡിനെ തുടര്‍ന്ന് ആഗോള തലത്തിലെ മരുന്നുകളുടെ ഉത്പാദനം കുറഞ്ഞതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
അതിനിടെ മരുന്നു വിതരണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും എത്രയും വേഗം പ്രശനം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.