നൂറുകണക്കിന് നിക്ഷേപ കരാറുകൾ; ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന് റിയാദിൽ പ്രൗഢോജ്വല സമാപനം
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കും മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും സൗദിയിലെ ഈ പുതിയ പദ്ധതികള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍.
നൂറുകണക്കിന് നിക്ഷേപ കരാറുകൾ ഒപ്പുവെച്ച് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന് റിയാദിൽ പ്രൗഢോജ്വല സമാപനം. യൂറോപ്പിൽ നിന്നും ഗൾഫിലേക്ക് സാമ്പത്തിക ലോകം തിരിയുമെന്ന് സമ്മേളനത്തിൽ പ്രമുഖർ അഭിപ്രായപ്പെട്ടു. വ്യവസായ വാണിജ്യ കായിക സാങ്കേതിക മേഖലകളിൽ വ്യത്യസ്തമായ കരാറുകൾ ഒപ്പുവച്ചു. രണ്ടായിരത്തിലേറെ സി.ഇ.ഒമാർ പങ്കെടുത്ത സമ്മേളനത്തിൽ കമ്പനികൾ തമ്മിലും വിവിധ ധാരണാ പത്രങ്ങൾ ഒപ്പുവച്ചു.
മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ സൗദിയിലെ വിവിധ പദ്ധതികൾക്ക് വേണ്ടിയുള്ള കരാറുകളാണ് ഒപ്പുവച്ചത്. വിവിധ പദ്ധതികള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കാനും അതിന്റെ ഭാവിയിലേക്കുള്ള യാത്രയില്‍ കൂടുതല്‍ സഹായകമാവാനും ഉതകുന്ന തരത്തിലുള്ളതാണ് ഈ കരാറുകള്‍. കായികമേഖലയിലേക്ക് കൂടി ചുവടുവയ്ക്കാന്‍ സൗദി ഒരുങ്ങുന്നു എന്നതിന്റെ തെളിവും സമ്മേളനത്തിലൂടെ പുറത്തുവന്നു.
ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് തുടങ്ങിയവ നടത്താനുള്ള സന്നദ്ധത നേരത്തെ തന്നെ സൗദി അറിയിച്ചിരുന്നു. നിരവധി ഇന്ത്യന്‍ പ്രതിനിധികളും സമ്മേളനത്തില്‍ സംസാരിച്ചു. ഇസ്‌ലാമിക ബാങ്കിങ്ങിനെ കുറിച്ചുള്ള ചര്‍ച്ചയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ലോകത്തിന്റെ മാറുന്ന സാഹചര്യങ്ങള്‍, പ്രതികൂല സാഹചര്യങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയും വിശദമായി ചര്‍ച്ച ചെയ്യുകയും കൃത്യമായ ഫോര്‍മുലകളും മുന്നോട്ടുവയ്ക്കുകയും ചെയ്തു.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കും മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും സൗദിയിലെ ഈ പുതിയ പദ്ധതികള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ നിക്ഷേപ ചർച്ചകളിൽ നിറഞ്ഞ വിഷയമായിരുന്നു ഇസ്‌ലാമിക് ഇൻവെസ്റ്റ്മെന്റ്. ഇന്ത്യക്കാരനായ പങ്കജ് ഗുപ്തയായിരുന്നു ഇത് സംബന്ധിച്ച പാനൽ ചർച്ചകളിൽ പങ്കെടുത്തത്. ഗൾഫ് ഇസ്‌ലാമിക് ഇൻവെസ്റ്റ്മെന്റ് കോ ഫൗണ്ടറും സി.ഇ.ഒയുമാണ് പങ്കജ് ഗുപ്ത.
ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള വിവിധ സമിതികളും ഇത്തവണ സൗദിയിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ ഭാഗമായിരുന്നു. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രാതിനിധ്യം വഴിയാണിത് സാധ്യമാക്കിയത്. സൗദിയുടെ ടൂറിസം രംഗത്തെ മുഖഛായ മാറ്റുന്ന സുപ്രധാനമായ പദ്ധതികളിലൊന്നാണ് ചെങ്കടൽ പദ്ധതി. റെഡ് സീ ഗ്ലോബൽ എന്ന പദ്ധതിയിലൂടെയാണ് ഇതിലേക്കാവശ്യമായ നിക്ഷേപം ആഗോള തലത്തിൽ നിന്നും സൗദി സാധ്യമാക്കുന്നത്.
സൗദി ആരോഗ്യ മേഖലയിൽ 2030ഓടെ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ബുർജീൽ ഹോൾഡിങ്സ്. സൗദിയിലെ നിക്ഷേപ അനുകൂല സാഹചര്യം നിക്ഷേപകർക്ക് നേട്ടമാകുമെന്ന് കമ്പനി ഫൗണ്ടറും സി.ഇ.ഒയും മലയാളിയുമായ ഡോ. ഷംസീർ വയലിൽ മീഡിയവണിനോടു പറഞ്ഞു.
അതേസമയം, ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് മാധ്യമ പങ്കാളിയായ മീഡിയവണിന്റെ പവലിയൻ സൗദിയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും സന്ദർശിച്ചു.