കുവൈത്തിൽ 252 എ.ഐ കാമറകൾ സ്ഥാപിക്കുന്നു
കാമറകൾ സ്ഥാപിച്ചു തുടങ്ങിയതായും ഉടൻ പ്രവർത്തനക്ഷമമാകുമെന്നും ട്രാഫിക് ബോധവത്കരണ വകുപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാമറകൾ വിന്യസിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പൊതു റോഡുകളിൽ ഏകദേശം 252 എ.ഐ കാമറകൾ സ്ഥാപിക്കുന്നതായി ട്രാഫിക് ബോധവത്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ അബ്ദുല്ല ബു ഹസ്സൻ അൽ അഖ്ബർ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അൽ സിയാസ്സ ദിനപത്രവും അറബ് ടൈംസ് ഓൺലൈനും വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനത്തിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കുന്നതും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായും ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താനും റെക്കോർഡ് ചെയ്യാനും പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കാമറകൾ.
അതേസമയം, വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ അഞ്ച് ദിനാറിൽനിന്ന് 50 ദിനാറായി ഉയർത്തുമെന്ന് കേണൽ അബ്ദുല്ല ബു ഹസ്സൻ സൂചിപ്പിച്ചു. കുവൈത്തിൽ പോയിന്റ് ടു പോയിന്റ് കാമറകൾ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രണ്ട് നിശ്ചിത പോയിന്റുകൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി വേഗത കണക്കാക്കുന്നതാണ് പോയിന്റ് ടു പോയിന്റ് കാമറകൾ. കാമറാ ലൊക്കേഷനുകൾക്ക് സമീപം വേഗത കുറച്ചാലും വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും ഇത്തരം കാമറകൾ അധികൃതരെ സഹായിക്കും.
അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിനും കുവൈത്തിലെ മൊത്തത്തിലുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ നിയന്ത്രണങ്ങൾ. ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിലും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിപുല സംരംഭത്തിന്റെ ഭാഗമാണ് പുതിയ കാമറ സംവിധാനങ്ങൾ.