കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി
Update: 2023-12-13 02:58 GMT


ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി കുവൈത്ത്. കടൽ വഴി കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്തുവാനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുവൈത്ത് സമുദ്രാതിർത്തിയിൽ സംശയാസ്പദമായ രീതിയില്‍ കണ്ട ബോട്ട് പിടികൂടിയത്. ബോട്ടില്‍ നിന്നും 40 കിലോഗ്രാം ഹാഷിഷ് പിടികൂടി. വിപണിയില്‍ ഒന്നര ലക്ഷത്തോളം ദിനാര്‍ മൂല്യം വരും.
പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് കടത്തുകാരിൽ കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്.
അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.