മെഹ്ബൂല ലേബർ ക്യാമ്പിൽ ഫോസ കുവൈത്ത് ഇഫ്താർ സംഗമം
ക്യാമ്പിലെ മുന്നൂറോളം തൊഴിലാളികൾക്കൊപ്പം ഫോസ കുവൈത്ത് മെമ്പർമാർ നോമ്പ് തുറന്നു


കുവൈത്ത് സിറ്റി: ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി സംഘടന ഫോസ മെഹ്ബൂല ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലബാർ ഗോൾഡ് ഗ്രൂപ്പിന്റെയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഇഫ്താർ പരിപാടിയിൽ കുവൈത്തിലെ ക്ലീനിങ് കമ്പനി തൊഴിലാളികൾക്കൊപ്പം ഫോസ കുവൈത്ത് അംഗങ്ങളും പങ്കുചേർന്നു.
ക്യാമ്പിലെ മുന്നൂറോളം തൊഴിലാളികൾക്കൊപ്പം ഫോസ കുവൈത്ത് മെമ്പർമാർ നോമ്പ് തുറന്നു. സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കൊപ്പം ഒരുമിച്ച് നിൽക്കുക, അവരുമായി സന്തോഷ നിമിഷങ്ങളിൽ പങ്കുചേരുക എന്ന സാമൂഹിക കർമം കൂടിയാണ് ഇത്തരം പരിപാടികളിലൂടെ വിവിധ രാജ്യങ്ങളിലെ ഫോസ യൂണിറ്റുകൾ നൽകുന്ന സന്ദേശം.

പരിപാടിക്ക് കുവൈത്ത് ഫോസ പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറിമാരായ റിയാസ് അഹമ്മദ്, റമീസ് ഹൈദ്രോസ്, ബഷീർ ബാത്ത എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീസ്, മുദസ്സിർ, നൂഹ്, ജാഫർ, കമാൽ, ഷഹീർ കിനാര എന്നിവരും നേതൃത്വം നൽകി.