കുവൈത്തിൽ ഇന്ത്യക്കാരിയെ കഴുത്തറുത്ത് കൊന്നു; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
പ്രതിയും ഇന്ത്യൻ പൗരനാണ്


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പൗരയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ സുരക്ഷാ സേന പിടികൂടി. കഴിഞ്ഞ ദിവസമാണ് മൈദാൻ ഹവല്ലി പ്രദേശത്ത് ദാരുണമായ കൊലപാതകം നടന്നത്. പിടികൂടിയ പ്രതിയും ഇന്ത്യൻ പൗരനാണ്. സംഭവത്തെക്കുറിച്ച് ഓപ്പറേഷൻസ് റൂമിന് അടിയന്തര വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പ്രതി കത്തി ഉപയോഗിച്ച് ഇന്ത്യൻ സ്വദേശിയായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ആഴത്തിലുള്ള മുറിവ് കാരണം സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ കണ്ടെത്താനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാനും സാധിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.