കുവൈത്തിൽ പണപ്പെരുപ്പം കൂടി; ജീവിതച്ചെലവ് വർധിക്കുന്നു
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് സിറ്റി: പണപ്പെരുപ്പം ഉയർന്നതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർധിക്കുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതായി പ്രാദേശിക പത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം നവംബറിൽ ഉപഭോക്തൃ വിലസൂചികയിൽ 3.79 ശതമാനമാണ് വർധന. പണപ്പെരുപ്പം കൂടിയതോടെ ഗാർഹിക ചെലവുകൾ ഇനിയും കൂടും. ഭക്ഷ്യവസ്തുക്കളുടെ വിലയുയർന്നതോടെ ചില്ലറവിപണിയിലും വിലക്കയറ്റമുണ്ട്.
ഫ്രോസൺ ചിക്കൻ കാർട്ടണിന് എട്ട് ദിനാർ 900 ഫിൽസ് ഉണ്ടായിരുന്നത് 15 ദിനാർ 900 ഫിൽസായി വർധിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർപേഴ്സൺ ഖാലിദ് അൽ-സുബൈ പറഞ്ഞു. വിലക്കയറ്റം തടയാനുള്ള സത്വര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കും. അമിത വില ഈടാക്കി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകും. ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന ചൂഷണം ഒരു രീതിയിലും അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞു.