മംഗഫിലെ തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിലെ ലംഘനങ്ങൾ നീക്കം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി
മുനിസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അൽ ദാഗറിന്റെ ചോദ്യത്തിന് മറുപടിയായാണ് അധികൃതർ ഇത് വ്യക്തമാക്കിയത്


കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിലെ ലംഘനങ്ങൾ നീക്കം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി. തീപിടുത്തം സംഭവിച്ച കെട്ടിടത്തില്‍ നിലവില്‍ നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. 2024 ജൂൺ 12-ന് നടന്ന അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് കെട്ടിടത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്ത ലംഘനങ്ങൾ കെട്ടിട ഉടമ ഇതിനകം പരിഹരിച്ചതായും, കെട്ടിടത്തിൽ നിലവിൽ ലംഘനങ്ങളൊന്നുമില്ലെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. അപകടം സംഭവിച്ചതിനെ തുടർന്ന് മന്ത്രിസഭയുടെ തീരുമാന പ്രകാരം അന്വേഷണ കമ്മിറ്റി നിയമിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശകളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് അധികൃതർ വിശദീകരണം നൽകിയത്. എൻബിറ്റിസി കമ്പനി ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന 196 ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. സുരക്ഷാ ഗാർഡിന്റെ മുറിയിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. തീ പടരാൻ സഹായകരമാകുന്ന വസ്തുക്കളാണ് കെട്ടിടത്തിൽ ഉപയോഗിച്ചിരുന്നത്. മുകളിലേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ ആളുകൾക്ക് മേൽക്കൂരയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. അപകടത്തെ തുടർന്ന് കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.