കുവൈത്ത് പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു; പ്രഥമ സെഷന്‍ ഒക്‌ടോബർ 18 ന്
ഉത്തരവിന് കുവൈത്ത് അമീര്‍ അംഗീകാരം നല്‍കി
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് സമ്മേളനം മാറ്റിവെച്ചു. പതിനേഴാം ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ ഒക്ടോബർ 18 ലേക്ക് മാറ്റിയതായി സർക്കാർ വക്താവ് താരിഖ് അൽ മുസ്റം അറിയിച്ചു. ഉത്തരവിന് കുവൈത്ത് അമീര്‍ അംഗീകാരം നല്‍കി.
നേരത്തെ ചൊവ്വാഴ്ച സഭ സമ്മേളിക്കുവാനാണ് തീരുമാനിച്ചിരുന്നത്.ഭരണഘടനയുടെ ആർട്ടിക്കിൾ 106 ചട്ടപ്രകാരം ദേശീയ അസംബ്ലിയുടെ യോഗം അമീറിന് മാറ്റിവെക്കാം. മന്ത്രിമാരുടെ നിയമനത്തില്‍ നേരത്തെ ഭൂരിപക്ഷം പാര്‍ലിമെന്റ് അംഗങ്ങളും അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ 60 വർഷത്തില്‍ 41 സർക്കാറുകളാണ് കുവൈത്തില്‍ നിലവില്‍ വന്നത്.
തുടർച്ചയായ തെരഞ്ഞെടുപ്പുകളും സർക്കാർ മാറ്റങ്ങളും രാജ്യത്തിന്റെ വികസന പ്രക്രിയകളിൽ ബാധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അംഗങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് മന്ത്രിസഭയിൽ പ്രധാനമന്ത്രി മാറ്റങ്ങൾ വരുത്തുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.