തീർഥാടകർക്കായി മികച്ച ആരോഗ്യ സേവനങ്ങൾ ഒരുക്കി മക്ക
റോഡ് മാർഗവും, വിമാന മാർഗവും ജല മാർഗവും തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന 14 കേന്ദ്രങ്ങളിലും പ്രത്യേക ആരോഗ്യ സേവനം ലഭിക്കും
മക്ക: ഹജ്ജ് വേളയിൽ കനത്ത ചൂടിനുള്ള സാധ്യത കൂടി പരിഗണിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. പ്രത്യേകം പരിശീനം നേടിയ 32,000-ലധികം ജീവനക്കാരെ ഹജ്ജ് വേളയിലെ സേവനങ്ങൾക്കായി നിയമിച്ചു. കൂടാതെ അത്യാധുനിക സൌകര്യങ്ങളോടെയുള്ള 23 ആശുപത്രികളും, 140 ആരോഗ്യ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ആശുപത്രികളിൽ ഒരേ സമയം 6100 രോഗികളെ കിടത്തി ചികിത്സിക്കാം.
അത്യാഹിത വിഭാഗങ്ങളിലായി 761 കിടക്കകൾ, സൂര്യാഘതമേൽക്കുന്നവരുടെ ചികിത്സക്കായി 222 കിടക്കകൾ, 190 ആംബുലൻസുകൾ, കല്ലേറ് കർമ്മം നിർവഹിക്കുന്ന ജംറകളിൽ 16 അത്യാഹിത കേന്ദ്രങ്ങൾ എന്നിവയും സജ്ജമാണ്.റോഡ് മാർഗവും, വിമാന മാർഗവും ജല മാർഗവും തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന 14 കേന്ദ്രങ്ങളിലും പ്രത്യേക ആരോഗ്യ സേവനം ലഭിക്കും. മക്ക-മദീന അതിവേഗ ട്രെയിനിലും, മെഷാഹിർ ട്രൈനുകളിലും മെഡിക്കൽ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇത് കൂടാതെ പുണ്യസ്ഥലങ്ങൾക്കിടയിലെ കാൽ നട പാതയിൽ മൊബൈൽ ക്ലിനിക്കുകളുടേയും, നിരവധി വിർച്ച്വൽ ക്ലിനിക്കുകളുടെയും സേവനങ്ങളും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.