ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍; നിരവധി പേര്‍ ഖത്തറിലേക്ക്
സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ റോഡ് മാര്‍ഗം ഖത്തറിലേക്ക് തിരിച്ചതോടെ സൗദി ഖത്തര്‍ അതിര്‍ത്തിയില്‍ വീണ്ടും തിരക്ക് വര്‍ധിച്ചു
ദമ്മാം: നാളെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കലാശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ സൗദിയില്‍ നിന്നും ആരാധകരുടെ വൻ ഒഴുക്ക്. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ റോഡ് മാര്‍ഗം ഖത്തറിലേക്ക് തിരിച്ചതോടെ സൗദി ഖത്തര്‍ അതിര്‍ത്തിയില്‍ വീണ്ടും തിരക്ക് വര്‍ധിച്ചു. പലരും വാരാന്ത്യ അവധികൂടി ഉപയോഗപ്പെടുത്തിയാണ് ഇന്നലെ മുതല്‍ തന്നെ ഖത്തറിലേക്ക് യാത്രതിരിച്ചത്.
അറബ് ലോകത്ത് ആദ്യമായെത്തിയ ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം നേരില്‍ ദര്‍ശിക്കാനുള്ള അവസരം സൗദിയിലുള്ള സ്വദേശികളും വിദേശികളും പരമാവധി ഉപയോഗിപ്പെടുത്തുന്നുണ്ട്. ഹയ്യാ കാര്‍ഡുള്ളവരും ഇല്ലാത്തവരുമായ നിരവധി ആരാധകര്‍ സല്‍വ അതിര്‍ത്തി വഴി ഖത്തറിലേക്ക് യാത്ര തിരിച്ചു. ഇതോടെ അതിര്‍ത്തിയില്‍ വീണ്ടും തിരക്ക് വര്‍ധിച്ചു. കുടുംബവുമൊത്താണ് ഭൂരിഭാഗം പേരുടെയും യാത്ര. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് എളുപ്പം പ്രവേശനം സാധ്യമാകുന്നുണ്ട്. എന്നാല്‍ ഹയ്യാ കാര്‍ഡില്ലാത്തവരെ പ്രഫഷന്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. ഇവര്‍ക്ക് ബസ് റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരിക്കണം. സ്വന്തം വാഹനവുമായി പോകുന്നവര്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും നേടിയിരിക്കണം.