ഒമാൻ മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ്: വിജയിച്ചവരിൽ 64 ശതമാനവും പുതുമുഖങ്ങൾ
65.88 ശതമാനമാണ് പോളിങ്
മസ്‌കത്ത്: ഒമാനിൽ ശൂറ കൗൺസിലിന്റെ പത്താമത് തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർധന ആണ് ഇത്തവണ വോട്ടിങ്ങിലുണ്ടായിരിക്കുന്നത്. 65.88 ആണ് പോളിങ് ശതമാനം. എറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവർണറേറ്റാണ്. ശൂറ കൗൺസിലിലേക്ക് വിജയിച്ചവരിൽ 64 ശതമാനവും പുതുമുഖങ്ങളാണ്.
വോട്ടിങ്ങ് പ്രക്രിയയിൽ സ്ത്രീകൾ സജീവമായി പങ്കാളികളായിട്ടും ഒരും വനിതയും ഇത്തവണ ശൂറ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 90 സീറ്റുകളിലേക്ക് 32 സ്ത്രീകളുൾപ്പെടെ 843 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ശൂറാ കൗൺസിൽ സ്പീക്കറെയും രണ്ട് ഡെപ്യൂട്ടിമാരെയും നവംബറിൽ തെരഞ്ഞെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശൈഖ് അൽ മൊഖ്താർ അബ്ദുല്ല അൽ ഹർത്തി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഫലങ്ങൾക്കെതിരായ അപ്പീലുകൾ 10 ദിവസത്തിനകം സമർപ്പിക്കാവുന്നതാണ്. അപ്പീൽ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ കമ്മിറ്റി ഇത് പരിഗണിക്കുമെന്നും അവയിൽ തീരുമാനമെടുക്കുമെന്നും കമ്മിറ്റി ചെയർമാൻ പറഞ്ഞു.