ഒമാൻ 54ാം ദേശീയ ദിനം നാളെ ആഘോഷിക്കും

നാടും നഗരവും ഒരുങ്ങി

Update: 2024-11-17 16:32 GMT
Advertising

മസ്‌കത്ത്: വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തി ഒമാൻ നാളെ 54ാം ദേശീയ ദിനം ആഘോഷിക്കും. അൽ സമൗദ് ക്യാമ്പ് ഗ്രൗണ്ടിൽ നടക്കുന്ന സൈനിക പരേഡിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത കേസുകളിൽ തടവിലായ പ്രവാസികളടക്കമുള്ള 174 പേർക്ക് സുൽത്താൻ മാപ്പ് നൽകി. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്.

അൽ സമൗദ് ക്യാമ്പ് ഗ്രൗണ്ടിൽ നടക്കുന്ന സൈനിക പരേഡിൽ നാളെ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ആഘോഷങ്ങൾക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു. ദേശീയദിനം പ്രമാണിച്ച് സുൽത്താന് മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകൾ നേർന്നു.

ദേശീയ ദിനത്തെ വരവേൽക്കാൻ ദിവസങ്ങൾക്ക് മുമ്പേതന്നെ നാടും നഗരവും ഒരുങ്ങിയിരുന്നു. ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുത വിളക്കുകൾകൊണ്ടും വീടുകളും ഓഫിസുകളും പാതയോരങ്ങളും അലങ്കരിച്ചിട്ടുണ്ട്. മസ്‌കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങളിലെല്ലാം. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള ചുവപ്പ് എന്നീ വർണത്തിലുള്ള വിളക്കുകൾ തെളിയിച്ചിട്ടുണ്ട്.

ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാളെ രണ്ടിടത്ത് വെടികെട്ട് നടക്കും. മസ്‌കത്തലെ അൽ ഖൂദ്, സലാലയിലെ ഇത്തീൻ എന്നിവിടങ്ങളിൽ രാത്രി എട്ട് മണിക്കാണ് കരിമരുന്ന് പ്രയോഗം. ഖസബിലെ ദബ്ദബിലെ വെടിക്കെട്ട് 21 നാണ്. ദേശീയദിനത്തോടനുബന്ധിച്ച് വ്യത്യസ്ത കേസുകളിൽ തടവിലായ പ്രവാസികളടക്കമുള്ള 174 പേർക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പു നൽകി. അതേസമയം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതുഅവധി നവംബർ 20, 21 തീയതികളിലാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News