54-ാമത് ഒമാൻ ദേശീയ ദിനം; വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ
നവംബർ 6 മുതൽ നവംബർ 30 വരെ സ്റ്റിക്കർ പതിക്കാം
മസ്‌കത്ത്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ വാഹനങ്ങൾ അലങ്കരിക്കാൻ റോയൽ ഒമാൻ പൊലീസ് അനുമതി നൽകി. പൊലീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ച് നവംബർ 30വരെ സ്റ്റിക്കർ പതിപ്പിക്കാം. ഒമാന്റെ 54-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുരക്ഷയും ബഹുമാനവും ഉറപ്പാക്കാനാണ് പുതിയ മാർഗനിർദേശങ്ങൾ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചത്. വാഹനങ്ങളുടെ നിറമോ രൂപമോ മാറ്റുന്ന അംഗീകൃതമല്ലാത്ത മെറ്റീരിയലുകളുടെയോ സ്റ്റിക്കറുകളുടെ ഉപയോഗം അനുവദിക്കില്ല. ട്രാഫിക് സുരക്ഷ നിലനിർത്തുന്നതിനായി വാഹനത്തിന്റെ മുൻവശത്തെയും വശങ്ങളിലെയും വിൻഡോകളിലും നമ്പർ പ്ലേറ്റുകളിലും ലൈറ്റുകളിലും സ്റ്റിക്കറുകൾ പതിപ്പിക്കരുത്.
പിൻവശത്തെ ഗ്ലാസിൽ പതിക്കുന്ന സ്റ്റിക്കർ ഡ്രൈവർക്ക് പിൻവശത്തെ വിൻഡോയിലെ ചിത്രങ്ങൾ കാണാൻ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകൾ ഉയോഗിക്കരുത്. നവംബർ 30 വരെ സ്റ്റിക്കർ സ്ഥാപിക്കാം. അതേസമയം, ഈ കാലയളവിൽ വാഹനത്തിൻറെ നിറം മാറ്റാൻ അനുമതി ഇല്ലെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ കഴിഞ്ഞ വർഷം വിപുലമായ രീതിയിൽ ദേശീയദിനാഘോഷ പരിപാടികൾ നടന്നിരുന്നില്ല. രാജ്യത്ത് നവംബർ 18ന് ആണ് ദേശീയദിനാഘോഷമായി കൊണ്ടാടുന്നത്.