ഒമാനിൽ മുന്നറിയിപ്പ് അവഗണിച്ച് വാദികളിലിറങ്ങിയ സ്വദേശികളെ അറസ്റ്റ് ചെയ്തു
മുന്നറിയിപ്പ് അവഗണിച്ച് വെള്ളം ശക്തിയായി ഒഴുകുന്ന വാദി മുറിച്ചുകടക്കാൻ ശ്രമിച്ച ഏഴ് ഒമാനി പൗരന്മാരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. ഇവരിൽ ചിലർ അപകടത്തിൽ പെട്ടിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായവരിൽ നാല് പേർ റുസ്താഖിലെ വിലായത്തിൽനിന്നുള്ളവരാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇവർ, റുസ്താഖിലെ ഒരു വാദി സാഹസികമായി മുറിച്ചുകടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ നിയമനടപടികൾക്കായി ഇവരെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി.
രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമാണ് നിലവിലുള്ളത്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്നും നാളെയും ന്യൂനമർദ്ദം തുടരുമെന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാവരും പരമാവധി മുൻകരുതൽ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.